വടകര ബാലവാടിയിലെ അക്രമം: മണിക്കൂറുകള്‍ക്കകം ആറ് പ്രതികളെ പിടികൂടി പൊലീസ്
വടകര: മുട്ടുങ്ങല്‍ ബാലവാടിയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി സ്ത്രീകളുള്‍പ്പടെ വീട്ടുകാരെയും പരിസരവാസികളെയും മാരക ആയുധങ്ങളുമായി അടിച്ച് അതിമാരകമായി പരിക്കേല്‍പ്പിച്ച കേസിലെ ആറ് പ്രതികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവെന്ന് വിളിക്കുന്ന കാട്ടുനിലം കുനിയില്‍ സാരംഗ്.ആര്‍.രവീന്ദ്രന്‍, കുന്നത്ത് താഴെക്കുനി നിധിന്‍രാജ്, കുന്നത്ത് താഴെക്കുനി ജിഷ്ണു, കുനിയില്‍ താഴ അക്ഷയ് സുരേന്ദ്രന്‍, കാട്ടുനിലം കുനിയില്‍ സായന്ത് കുമാര്‍, മടപ്പള്ളി കോളജ് സ്വദേശി കൃഷ്ണ കൃപ വീട്ടില്‍ സൗരവ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മുട്ടുങ്ങല്‍ ബാലവാടിയിലെ കയ്യാല രാജീവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. വടകര കെ.ടി.ബസാര്‍ സ്വദേശികളായ ആക്രമികളെ കുറിച്ച് സൂചന ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
വിഷ്ണുവിനെ കെ.ടി.ബസാറില്‍ വെച്ചും മറ്റുള്ളവരെ മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ചുമാണ് പിടികൂടിയത്. വടകര എസ്.ഐ നിജീഷ് എമ്മിന്റെ നേതൃത്വത്തില്‍ എസ്.ഐ അഫ്‌സല്‍, എസ്.സി.പി.ഒ മാരായ പ്രജീഷ് പി, സജിത്ത് പി.ടി, അനീഷ് മെടോളി, ഷിനില്‍ കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി 10.10 ഓടെയാണ് ബാലവാടിയെ നടുക്കിയ സംഭവമുണ്ടായത്. കയ്യാല രാജീവന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ പതിനഞ്ചംഗസംഘം ഇരുമ്പുപൈപ്പുകളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ആക്രമിക്കുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 ആളുടെ പേരില്‍ വടകര പോലീസ് കേസെടുത്തിരുന്നു.
ഈ പ്രദേശവാസികളായ യുവാക്കള്‍ റെയില്‍വേ ട്രാക്കിനരികില്‍ ഇരിക്കുമ്പോള്‍ മറ്റൊരു സംഘവുമായി വാക്തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വീടുകയറിയുള്ള ആക്രമണം നടന്നത്. ഈ സംഘത്തില്‍പ്പെട്ട ചിലര്‍ മഴ പെയ്തപ്പോള്‍ രാജീവന്റെ വീട്ടില്‍ കയറിനിന്നിരുന്നു. ഈ സമയത്ത് എതിര്‍സംഘം ആളെക്കൂട്ടിയെത്തി വീട്ടില്‍ക്കയറി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടപെട്ട വീട്ടുകാര്‍ക്കും അടികിട്ടി. മാത്രമല്ല, വീട്ടില്‍ കനത്ത നാശവും വരുത്തി. എല്ലാ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തു. അരഭിത്തിയിലെ ടൈലുകളും തകര്‍ത്തു. മുറ്റത്ത് നിര്‍ത്തിയിട്ട പിക്കപ്പ് വാനും കാറും കേടുവരുത്തി.
[bot1]