ഷൊര്‍ണ്ണൂര്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു


പയ്യോളി: ഷൊര്‍ണ്ണൂര്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും ബുധന്‍, വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്കുമാണ് ട്രെയിനുള്ളത്.

ജൂലായ് 31 മുതലാണ് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ട്രെയിന്‍ നമ്പര്‍ 06031 കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ സപെഷ്യല്‍ എക്പ്രസ്സ് പയ്യോളിയില്‍ വൈകീട്ട് 6.12 ന് ആണ് സ്‌റ്റോപ്പ് അനുവദിച്ചത്. ഒരുമിനുട്ട് സമയമാണ് പയ്യോളിയ്ക്ക് നല്‍കിയത്. 6.13 ന് തന്നെ ട്രെയിന്‍ തിരിക്കും. ട്രെയിന്‍ നമ്പര്‍ 06032 ഷൊര്‍ണ്ണൂര്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സപ്രസ്സ് രാവിലെ 8.57 ന് ഒരുമിനുട്ട് സ്‌റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പിയും, പി.ടി ഉഷയും അടക്കമുള്ളവര്‍ റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. സ്റ്റോപ്പ് അനുവദിച്ചതിന്റെ സന്തോഷത്തിലാണ് യാത്രക്കാര്‍.