കെ.ടി.ജി.എ ജില്ലാ സമ്മേളനം; കൊയിലാണ്ടിയില്‍ ആഗസ്ത് 13ന്‌ വൈകുന്നേരം വസ്ത്ര വ്യാപാരികള്‍ കടകളടക്കും


കൊയിലാണ്ടി: വസ്ത്ര വ്യാപാര സംരംഭ രംഗത്തെ കൂട്ടായ്മയായ കേരള ടെക്സ്റ്റെയിൽസ് ആൻ്റ് ഗാർമെൻ്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ്റെ (കെ.ടി.ജി.എ) ജില്ലാ സമ്മേളനവും ട്രേഡ് ഫെയർ എക്സ്പോയും നടക്കുന്ന ആഗസ്ത് 13ന്‌ കൊയിലാണ്ടി മേഖലയിലെ മുഴുവൻ വസ്ത്ര വ്യാപാരികളും കടകളടച്ച് പങ്കെടുക്കും. അന്നേ ദിവസം നാല് മണി മുതല്‍ കടകളടച്ച് പങ്കെടുക്കാൻ കെ.ടി.ജി.എ കൊയിലാണ്ടി മേഖലാ സമ്മേളനം തീരുമാനിച്ചു.

ആഗസ്ത് 12,13 തീയതികളിലായി കാലിക്കറ്റ് ട്രേഡ് സെൻ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 12ന് രാവിലെ 10.30ന് ട്രെഡ് ഫെയർ എക്സ്പോ മേയർ ഡോ.എം.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10.30 ന് കുടുംബവും, ബിസിനസും എന്ന വിഷയത്തിൽ പ്രശസ്ത ട്രെയിനർ പ്രമോദ് പി.കെ ബാലകൃഷ്ണൻ ക്ലാസ് എടുക്കും.

വയനാട് ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട വ്യാപാരസ്ഥാപന ഉടമകൾക്ക് കൂടി ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും ഓൺലൈൻ വസ്ത്രവ്യാപാരം നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ.ടി.ജി.എമേഖല പ്രസിഡണ്ട് കെ.കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പ്രകാശ്, പ്രേമൻ നന്മന, നൗഷാദ് ഡീലക്സ്, നാസർ കിഡ്സ്, ബാബു ലൌറ, മനോജ്. ടി.കെ. എന്നിവർ സംസാരിച്ചു.