ആദ്യമായായി പങ്കെടുത്ത മത്സരത്തിൽ തന്നെ മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം, കേരളത്തെ പ്രതിനിധികരിച്ച് ഓട്ടമത്സരത്തില്‍ പങ്കെടുത്ത അച്ഛന്റെ പിൻഗാമി; കൊയിലാണ്ടി ഉപജില്ലാ കായികമേളയിൽ താരമായി പന്തലായനിയുടെ ശിവാനി


കൊയിലാണ്ടി: കൊയിലാണ്ടി സബ് ജില്ലാ കായികമേളയില്‍ താരമായി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ശിവാനി. സ്പ്രിന്റ് ഇനങ്ങളില്‍ നൂറുമീറ്ററിലും ഇരുനൂറുമീറ്ററിലും നാനൂറ് മീറ്ററിലും ഒന്നാമത് ഫിനിഷ് ചെയ്താണ് ശിവാനി താരമായത്.

പന്തലായനി കോട്ടപ്പുറത്ത് സന്തോഷിന്റെയും ഷിജിയുടെയും മകളായ ശിവാനി ആദ്യമായാണ് സബ് ജില്ലാ കായികമേളയില്‍ പങ്കെടുക്കുന്നത്. അച്ഛന്‍ സന്തോഷിന്റെ പാത പിന്തുടര്‍ന്നാണ് ശിവാനിയും കായിരരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. മുമ്പ് ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് നൂറ്, ഇരുനൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തയാളാണ് സന്തോഷ്.

ശിവാനിക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും പരിശീലിപ്പിക്കാനുമെല്ലാം സന്തോഷ് തന്നെയാണ് മുന്നിട്ടിറങ്ങിയത്. സന്തോഷിനു പുറമേ ജ്യോതിയെന്ന അധ്യാപകനും സഹായത്തിനുണ്ട്. കൊയിലാണ്ടി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം നടത്തിയത്.

തന്റെ പരിശ്രമം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ശിവാനി. അച്ഛനെപ്പോലെ കായികരംഗത്ത് കൂടുതല്‍ ഉയരങ്ങളിലെത്തണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.

മേള അവസാനിച്ചപ്പോൾ എൽ.പി വിഭാഗത്തിൽ പെരുവട്ടൂർ എൽ.പി സ്കൂൾ 38 പോയിന്റുകളുമായി വിജയം നേടി. തൊട്ടു പിന്നാലെ ഓടിയെത്തി കുറുവങ്ങാട് സെന്‍ട്രല്‍ എല്‍.പി. സ്കൂള്‍ 23 പോയിന്റുകളുമായി റണ്ണർ അപ്പായി.

എല്‍.പി – യു.പി. ഓവറോളും 45 പോയിന്റുകളുമായി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി. സ്കൂള്‍ കരസ്ഥമാക്കി. എച്ച്.എസ് – എച്ച്.എസ്.എസ് ഓവറോള്‍ കപ്പ് 251 പോയിന്‍റ് നേടി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി ഉയർത്തി. ജി.വി.എച്ച്.എസ്.എസ്. പന്തലായനിയുടെ താരങ്ങളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചതോടെ 175 പോയിന്ററുമായി അവർ റണ്ണർ അപ്പുകളായി.

മേളയുടെ സമാപന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച് എസ് പി ടി എ പ്രസിഡന്റ് സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. പി.പി.സുധ ട്രോഫി വിതരണം ചെയ്തു. പ്രിൻസിപ്പൽ പി.വത്സല, ഹെഡ്മിസ്ട്രസ് എം പി. നിഷ, എച്ച്.എം ഫോറം സെക്രട്ടറി ഷാജി.എൻ. ബൽറാം വിവിധ സംഘടനാ പ്രതിനിധികൾ കൺവീനർ രഞ്ജിത്ത് സംസാരിച്ചു.