ഷാരോൺ വധക്കേസ്; ശിക്ഷാ വിധി ഇന്ന്


തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന് കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ നേരത്തെ വിട്ടിരുന്നു.

ഇന്ന് 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കളും കോടതിയിൽ എത്തും. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണന്നും പരമവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു . പ്രതി ഗ്രീഷ്മ തനിക്ക് പറയാനുള്ളത് കോടതിയിൽ എഴുതി നൽകുകയും ചെയ്തു.

ഗ്രീഷ്മ ഷാരോൺ രാജിനെവീട്ടിലെത്തിച്ച്‌ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി എന്നാണ്‌ കേസ്‌. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായുള്ള വിവാഹം നടക്കുന്നതിനായി ​ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. ഷാരോൺ പ്രണയ ബന്ധത്തിൽനിന്നു പിന്മാറാത്തതാണു കൊലപാതകത്തിലേക്ക് നയിച്ചത്. 2022 ഒക്ടോബർ 14ന്‌ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു.

ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോൺ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോൺ ആശുപത്രിയിൽ കിടന്നപ്പോൾ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്‌ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്.