വെടിക്കോപ്പുകൾ വിള്ളലേൽപ്പിക്കുന്ന, തീമഴ പെയ്യുന്ന ഉക്രൈൻ നഗരത്തിലൂടെ കൊയിലാണ്ടിക്കാരൻ ഷനാനും കൂട്ടുകാരും അതിർത്തിയിലേക്കെത്താൻ ശ്രമിക്കുകയാണ്; പത്രപ്രവർത്തകൻ സുജിത് ചന്ദ്രന്റെ വാക്കുകളിലൂടെ…(വീഡിയോ കാണാം)


കൊയിലാണ്ടി: ‘വ്യോമാക്രമണത്തിന് മുമ്പേയുള്ള സയറൻ മുഴങ്ങുന്നതും തെരുവുവിളക്കുകൾ അണഞ്ഞ നഗരത്തിന്റെ ആകാശത്ത് വിമാനങ്ങൾ തീ വിതച്ചുപോകുന്നതും ജനാലയിലൂടെ കാണാമായിരുന്നു. യുക്രൈനിലെ ഭൂഗർഭ ബങ്കറിനടിയിൽ കഴിയുന്ന കൊയിലാണ്ടി സ്വദേശി ഷനാൻ മില്ലർ കൺമുന്നിൽ കാണുന്ന ഭീകര ദൃശ്യങ്ങൾ വിവരിക്കുകയായിരുന്നു. പത്രപ്രവർത്തകനായ സുജിത് ചന്ദ്രൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ഷാനിന്റെ കണ്ണിലൂടെയുള്ള യുക്രൈൻ ഭീകരത വരച്ചു കാട്ടിയത്. ജീവനായി പരക്കം പായുന്നതിനിടയിലും തെരുവുകളിൽ കൊള്ളയടിയും അക്രമവും വ്യാപകമാണത്രെ.

മുൻപോട്ടെങ്ങനെയെന്നു വെളിച്ചമൊന്നുമില്ലെങ്കിലും പ്രതീക്ഷയുടെ കിരണങ്ങൾ തങ്ങളെ തേടിയെത്തുമെന്ന് തന്നെയാണ് ഷനാന്റെ വിശ്വാസം. അതിദാരുണമായ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴും ആത്മവിശ്വാസത്തോടെ കുടുംബാംഗങ്ങളെ വിളിച്ച ആശ്വസിപ്പിക്കാനും ഇയാൾ മറന്നിട്ടില്ല എന്നാണ് സുജിത് ചന്ദ്രന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

അതിർത്തി കടക്കാനുള്ള ശ്രമത്തിലാണ് ഷനാനും സംഘവും.

 

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:

യുക്രൈനിലെ ഭൂഗർഭ ബങ്കറിനടിയിൽ കഴിയുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥിയുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടയ്ക്കിടെ സംസാരിക്കുകയാണ്. കൊയിലാണ്ടിക്കാരൻ ഷനാൻ മില്ലർ. കരിങ്കടൽത്തീരത്തെ ഒഡേസ തുറമുഖ നഗരത്തിനടുത്താണ് ഷനാൻ കഴിയുന്ന ബങ്കർ.

സാർ ചക്രവർത്തിക്കെതിരെ പൊട്ടെംകിൻ കപ്പലിൽ കലാപക്കൊടി ഉയർന്ന ഒഡേസ. വെടിയേറ്റ അമ്മയുടെ കയ്യിൽ നിന്ന് പിടിവിട്ട കൈക്കുഞ്ഞുമായി ഒരു തൊട്ടിൽവണ്ടി പടവുകളിലൂടെ ഉരുണ്ടുപോയ അതേ ഒഡേസ. വാർത്താ ശേഖരണത്തിന്റെ ജിജ്ഞാസയോടൊപ്പം ഒഡേസയിൽ വീണ്ടും യുദ്ധം എന്ന ചരിത്രകൗതുകം കൊണ്ടുമാണ് ഷനാൻ മില്ലറുമായി വാട്സാപ് സംസാരം തുടങ്ങിയത്.

വെടിക്കോപ്പുകൾ വിള്ളലേൽപ്പിക്കുന്ന ഒഡേസയിലെ നിലവറയിലിരുന്ന് അയാൾ നിരന്തരം സന്ദേശങ്ങളയക്കുന്നു. ഇടയ്ക്ക് ഗോവണി കയറി ജനാലയ്ക്കലെത്തി നോക്കി റഷ്യൻ പട്ടാളത്തിന്റെ ടാങ്കുകൾ പോകുന്നു എന്ന് പറയുന്നു. വ്യോമാക്രമണത്തിന് മുമ്പേയുള്ള സയറൻ മുഴങ്ങുന്നതും തെരുവുവിളക്കുകൾ അണഞ്ഞ നഗരത്തിന്റെ ആകാശത്ത് വിമാനങ്ങൾ തീ വിതച്ചുപോകുന്നതും അയാളറിയിച്ചുകൊണ്ടിരിക്കുന്നു. തെരുവുകൾ കൊള്ളയടിക്കപ്പെടുന്നതിന്റെ ജനാലദൃശ്യങ്ങൾ അയച്ചുതരുന്നു. ഒഡേസ നാഷണൽ മെഡിക്കൽ സർവകലാശാലയിലെ മറ്റു വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് പങ്കുവയ്ക്കുന്നു.

വെടിയൊച്ചകൾ നിലച്ചൊരു ഇടവേളയിൽ അയാളിന്നലെ കൂട്ടുകാരോടൊപ്പം ഒഡേസ റയിൽവേ സ്റ്റേഷനിൽ ചെന്ന് ചെർണിവിച്ച് നഗരത്തിലേക്ക് ട്രെയിൻ കിട്ടുമോ എന്നന്വേഷിച്ചു. ട്രെയിനുണ്ട്, പക്ഷേ ചെർണിവിച്ചിൽ നിന്ന് റൊമാനിയൻ അതിർത്തിയിലേക്ക് രാത്രി സഞ്ചരിക്കുന്നത് സുരക്ഷിതമല്ലെന്നറിഞ്ഞ് ബങ്കറിലേക്ക് തിരികെയെത്തി. മോൾഡോവ അതിർത്തി തുറക്കാനിടയുണ്ടോ എന്ന് ന്യൂസ് അലേർട്ടുകൾ കണ്ട് പറയണം എന്നാവശ്യപ്പെട്ടു. അവിടുന്നാണെങ്കിൽ 40 കിലോമീറ്റർ താണ്ടിയാൽ അതിർത്തി കടക്കാം.

നാട്ടിൽ അമ്മയേയും കുടുംബാംങ്ങളേയും വിളിച്ച് ധൈര്യം കൊടുത്ത കാര്യവും പങ്കുവയ്ച്ചു. അതുമുതൽ യുദ്ധവാർത്തകൾ പരതുന്ന ഗൂഗിൾ സേർച്ചുകളിൽ മാൾഡോവയും ഒരു കീവേഡായി. ട്വിറ്ററിൽ മാൾഡോവയെപ്പറ്റി എന്തുണ്ടെന്ന് പരതി ഷനാന് അയച്ചുനൽകുന്നു.

ഇന്ന് കാലത്ത് മുതൽ ഒഡേസയിൽ സ്ഫോടനശബ്ദങ്ങളില്ല, നഗരത്തിലെങ്ങും പട്ടാളവണ്ടികൾ, കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒടുവിൽ തീരുമാനിച്ചു, മോൾഡോവയ്ക്ക് പുറപ്പെടുകയാണ്, ഫോണിന്റെ ബാറ്ററി ചോരാതെ സൂക്ഷിക്കേണ്ടതുണ്ട്. എന്നാലുമിടയ്ക്ക് ബന്ധപ്പെടാം എന്നറിയിച്ച് ഷനാൻ മില്ലർ ഇപ്പോൾ യുദ്ധമുഖത്തുകൂടി യാത്രചെയ്യുകയാണ്.

വാർത്താപ്രവർത്തകനും ശ്രോതസും എന്നതിലേറെ പാരസ്പര്യം അയാളുമായി തോന്നുന്നത് യുദ്ധം നടക്കുന്ന നഗരത്തിലെ നിലവറയിലിരിക്കുമ്പോഴും അയാളുടെ പ്രതീക്ഷയും ആത്മവിശ്വാസവും കാണുമ്പോഴാണ്. കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് സ്നേഹിതരെന്ന് തോന്നിപ്പിക്കുന്ന പ്രകൃതമുള്ള ചിലരെപ്പോലെ ഒരാൾ..

തീമഴ പെയ്യുന്ന നഗരത്തിലൂടെ ഷനാനും കൂട്ടുകാരും ഇപ്പോൾ മോൾഡോവ അതിർത്തിയിലേക്ക് സഞ്ചരിക്കുകയാണ്. നമ്മളൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത യുദ്ധം തൊട്ടുതൊട്ടുണ്ട്. ഈ നിമിഷങ്ങൾ അവരേപ്പോലെ അതിർത്തി മുറിച്ചുകടക്കുന്ന എല്ലാ മനുഷ്യരേയുമോർത്ത് നമ്മൾ പുഞ്ചിരിക്കുന്നു. അവരുടെ നിലയ്ക്കാത്ത പ്രതീക്ഷയിൽ ലോകം കൂടുതൽ നല്ലതാകുന്നു. യുദ്ധമുണ്ടാക്കുന്നവർ തുലഞ്ഞുപോകട്ടെ…

സാം മെൻഡിസിന്റെ 1917 എന്ന യുദ്ധസിനിമയിൽ ജർമൻ സൈന്യത്തിനെതിരായ പടനീക്കത്തിന് ബ്രിട്ടീഷ് ആർട്ടിലറിയുടെ അവസാന സംഘം പുറപ്പെടാനൊരുങ്ങുമ്പോൾ ഒരു രംഗമുണ്ട്. ഒരു പൈൻമരക്കാടിന്റെ സ്വാസ്ഥ്യത്തിലിരുന്ന് പട്ടാളക്കാരിലൊരുവൻ ഒരു പാട്ടുപാടുന്നു. പാട്ടിൽ ഉപാധികളില്ലാത്ത സാഹോദര്യം പുലരുന്ന ഒരു ദിവസത്തേപ്പറ്റിയുള്ള പ്രതീക്ഷ… പലായനങ്ങളില്ലാത്ത ലോകം.. സ്നേഹം.
I’m going there
To see my father
Just over Jordan
I’m going there
To my new home
One of these mornings
And it won’t be long
All men will rise
And stand side by side
Then hand in hand…

ഷനാൻ മില്ലറും കൂട്ടുകാരും സുരക്ഷിതരായി വേഗം വീടുകളിലെത്തട്ടെ.

വീഡിയോ കാണാം: