‘ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കഴിയുന്ന മോള്‍ഡോവയിലെ ക്യാമ്പില്‍ എംബസി അധികൃതരെത്തി; വരുംദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് പ്രതീക്ഷ’ ഉക്രൈനില്‍ വിദ്യാര്‍ഥിയായ പന്തലായനിക്കാരന്‍ ഷനാന്‍ മില്ലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: ഉക്രൈനില്‍ വിദ്യാര്‍ഥിയായ പന്തലായനി സ്വദേശി ഷനാന്‍ മില്ലര്‍ ഉടന്‍ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ഒഡേസയില്‍ താമസിച്ചിരുന്ന ഷനാന്‍ മില്ലര്‍ അവിടെ സ്ഥിതി വഷളാവാന്‍ തുടങ്ങിയതോടെയാണ് സ്വന്തം നിലയില്‍ റിസ്‌കെടുത്ത് മോള്‍ഡോവ ബോര്‍ഡര്‍ വരെയെത്തിയത്. മോള്‍ഡോവയില്‍ നിന്നും എംബസി അധികൃതര്‍ റൊമാനിയയിലേക്ക് എത്തിക്കുന്നതും കാത്തുകഴിയുകയാണ് ഷനാനും സുഹൃത്തുക്കളും.

മോള്‍ഡോവയില്‍ ഇന്ത്യയ്ക്ക് എംബസിയില്ല. എന്നാല്‍ ഇവിടെ ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ കഴിയുന്നുണ്ടാവാം എന്ന കണക്കുകൂട്ടലില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് അംബാസിഡര്‍മാര്‍ക്ക് മോള്‍ഡോവയിലെ വിദ്യാര്‍ഥികളുടെ ചുമതല നല്‍കുകയായിരുന്നു. ഇവര്‍ ഇന്നലെ ക്യാമ്പ് സന്ദര്‍ശിക്കുകയും കുട്ടികളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്‌തെന്ന് ഷനാന്‍ മില്ലര്‍ പറയുന്നു. ഉക്രൈനില്‍ നിന്നും താരതമ്യേന സുരക്ഷിതമായി എത്താന്‍ കഴിയുന്ന പ്രദേശമാണ് മോള്‍ഡോവ. ഇതറിഞ്ഞ് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോള്‍ഡോവയില്‍ നിന്നും ഇവരെ റൊമാനിയയിലേക്ക് എത്തിച്ച് അവിടെ നിന്നും വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കുമെന്നാണ് എംബസി അധികൃതര്‍ അറിയിച്ചത്. മോള്‍ഡോവയില്‍ നിന്നും ചിലര്‍ സ്വന്തം നിലയ്ക്ക് റൊമാനിയയിലേക്ക് പോയിട്ടുണ്ട്. അവര്‍ക്ക് ഇതുവരെ നാട്ടിലെത്താന്‍ കഴിഞ്ഞിട്ടില്ല. എംബസി അധികൃതര്‍ ക്രമം അനുസരിച്ച് കുറച്ചുപേരെയായാണ് നാട്ടിലേക്ക് എത്തിക്കുന്നത്. വരുംദിവസങ്ങളില്‍ തങ്ങള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒഡേസ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഷനാന്‍ മില്ലര്‍. പന്തലായനി ഉദയംവീട്ടില്‍ ഉദയകുമാറിന്റെയും സ്വര്‍ണലതയുടെയും മകനാണ്.