ഐ.പി.എല്‍ മത്സരം കാണാനെത്തിയ ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥത: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


അഹമ്മദാബാദ്: ഐ.പി.എല്‍ കാണാനെത്തിയ നടന്‍ ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം കാരണമാണ് അദ്ദേഹത്തെ അഹമ്മദാബാദിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു ഷാരൂഖ് ഖാന്‍. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദില്‍ അനുഭവപ്പെട്ടത്. ചൂട് സഹിക്കാനാവാതെ ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമകൂടിയാണ് ഷാരൂഖ് ഖാന്‍. മക്കളായ അബ്രാം, സുഹാന എന്നിവര്‍ക്കൊപ്പമായിരുന്നു ഷാരൂഖ് ഖാന്‍ ചൊവ്വാഴ്ച ഐ.പി.എല്‍ മത്സരം കാണാനെത്തിയത്.