മൂന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, വിവിധ കുടിവെള്ള പദ്ധതികള്‍, ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍; രണ്ടരവര്‍ഷത്തിനുശേഷം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത് അഭിമാനത്തോടെയാണ് ഷെഫീക്ക് വടക്കയില്‍
പയ്യോളി: രണ്ടരവര്‍ഷക്കാലത്തെ സേവനത്തിനുശേഷം അഭിമാനത്തോടെയാണ് പയ്യോളി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതെന്ന് ഷെഫീക്ക് വടക്കയില്‍. ഇക്കാലത്തിനിടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നഗരസഭയ്ക്കുവേണ്ടി നടപ്പിലാക്കാന്‍ കഴിഞ്ഞെന്നും ഷെഫീക്ക് പറഞ്ഞു.
പയ്യോളിയില്‍ മൂന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ഒരു കോടി 23ലക്ഷം രൂപ ചെലവില്‍ അത്യാധുനിക എം.ആര്‍.എഫ് കേന്ദ്രം, 19 ഡിവിഷനില്‍ 15 കോടി 56ലക്ഷം രൂപയുടെ അമൃത് കുടിവെള്ള പദ്ധതി, കീഴൂര്‍ കാട്ടുകുളവും പണിക്കുളവും ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവില്‍ നവീകരിച്ചു തുടങ്ങിയവ എടുത്തു പറയാവുന്ന വികസന പ്രവര്‍ത്തനങ്ങളാണ്.
ഇതിന് പുറമേ ഒരു കോടി 26ലക്ഷം രൂപ ചെലവിലൊരുക്കുന്ന ആധുനിക മിനി ഓഡിറ്റോറിയം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണം യു.എസ്.സി.സി ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ 35 കോടിയുടെ തീരദേശ കുടിവെള്ള പദ്ധതി എം.എല്‍.എയുടെ സഹായത്തോടെ ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിതായി രണ്ട് സമാര്‍ട്ട് അംഗനവാടികള്‍ നഗരസഭയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. തച്ചന്‍കുന്ന് എസ്.സി ശ്മശാനം നവീകരിച്ചു. ഹോമിയോ ആശുപത്രി, കൃഷിഭവന്‍ കെട്ടിടം പണി പുരോഗമിക്കുകയാണ്. എസ്.സി കമ്മ്യൂണിറ്റി ഹാള്‍ നവീകരിച്ചു. കോട്ടയ്ക്കല്‍ കുഞ്ഞാലിമരയ്ക്കാന്‍ മ്യൂസിയം വിപുലീകരിക്കാനുള്ള പ്രാഥമിക പ്രവൃത്തി യു.എല്‍.സി.സി ആരംഭിച്ചിട്ടുണ്ട്. കീഴൂര്‍ അര്‍ബ്ബന്‍ പി.എച്ച്.സിയ്ക്ക് 20ലക്ഷം രൂപ ചെലവില്‍ ഒന്നാം നില കെട്ടിടം നിര്‍മ്മിച്ചു. പയ്യോളി ബീച്ചില്‍ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫില്‍ നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് ഇന്നലെ ഷഫീക്ക് വടക്കയില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. മുസ്‌ലിം ലീഗിലെ വി.കെ അബ്ദുറഹിമാനിനെയാണ് പുതിയ മുന്‍സിപ്പല്‍ ചെയര്‍മാനായി ലീഗ് തീരുമാനിച്ചിരിക്കുന്നത്.