‘എസ്.എഫ്.ഐ പ്രവർത്തകന്റെ വീട്ടിൽ പൊലീസ് അര്‍ദ്ധരാത്രി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി, സ്ത്രീകളോട് അസഭ്യം പറഞ്ഞു’; കൊയിലാണ്ടിയിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ചതിന് പോലീസ് വേട്ടയാടുന്നുവെന്ന് എസ്.എഫ്.ഐ, ടൗണിൽ പ്രതിഷേധ പ്രകടനം


 

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ വേട്ടയാടുന്ന കൊയിലാണ്ടി പോലീസ് നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ. എസ്.എഫ്.ഐ ഏരിയ ജോയിന്റ് സെക്രട്ടറി രോഹിത്തിന്റെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറുകയും വീട്ടിലുള്ള സ്ത്രീകൾ ഉൾപ്പടെ ഉള്ളവരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസ് നടപടിയിൽ ആണ് പ്രതിഷേധം അറിയിച്ചത്. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഡോക്ടേഴ്‌സ് അക്കാദമി മാനേജിങ് ഡയറക്ടര്‍ ബാബുരാജിനെതിരെ ഇതേ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥി ലൈംഗിക പീഡന പരാതി നല്‍കിയ പശ്ചാത്തലത്തില്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയ പ്രവർത്തകരെ വേട്ടയാടുകയാണെന്ന ആരോപണമാണ് പ്രവർത്തകർ ഉന്നയിച്ചത്. ഇന്നലെ അര്‍ധരാത്രി അരിക്കുളത്തെ വിദ്യാര്‍ത്ഥി നേതാവായ രോഹിത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷീ സൃഷ്ടിക്കുകയുമാണ് ചെയ്തത്. ഭയപ്പെട്ട രോഹിത്തിന്റെ അമ്മ ബോധരഹിതയായി വീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയുമാണ്.


കൊയിലാണ്ടി ടൗണിലാണ് സംഘം ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി എൻ ബിജീഷ് ഉദ്ഘാടനം സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ്‌ അഭയ് അധ്യക്ഷത വഹിച്ചു. ഏരിയ ജോയിൻ സെക്രട്ടറി അർച്ചന സ്വാഗതവും ദേവനന്ദ നന്ദിയും പറഞ്ഞു.