കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്ന് ആരോപിച്ച് നാളെ എസ്.എഫ്.ഐ പ്രതിഷേധമാര്‍ച്ച്
കൊയിലാണ്ടി: ഗുരുദേവ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പാളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ കോളജിലേയ്ക്ക് എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച്. കോളേജിലെ പ്രിന്‍സിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഹെല്‍പ്പ് ഡെസ്‌ക്ക് സംബന്ധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളേജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഹെല്‍പ്പ് ഡെസ്‌ക്ക് സംബന്ധിച്ച് പ്രിന്‍സിപ്പലിനോട് കാര്യം തിരക്കാന്‍ ചെന്നപ്പോള്‍ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന് മര്‍ദനമേറ്റത്. സംഭവത്തില്‍ കര്‍ണപടത്തിന് ഗുരുതരമായി പരിക്കേറ്റു. ഗുണ്ടകളോട് സംസാരിക്കാന്‍ താനില്ലെന്നും പറഞ്ഞ് മുഖത്ത് അടിക്കുകയായിരുന്നെന്നും ചെവിയുടെ ഭാഗത്താണ് അടികൊണ്ടതെന്നും ഒരു ചെവി കേള്‍ക്കുന്നില്ലെന്നും മര്‍ദനമേറ്റ അഭിനവ് പറഞ്ഞു.
അതേസമയം ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ച് ചില വിദ്യാര്‍ഥികള്‍ സമീപിച്ചെന്നും ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചതിന് പിന്നാലെ പുറത്തുനിന്നുള്ളവരുള്‍പ്പെടെ ഒരു സംഘം എത്തി തന്നെ ആക്രമിച്ചെന്നാണ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ പറഞ്ഞത്.
എസ്.ഫെ്.ഐ യുടെ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറി രമേശന്‍ കെ.പി യ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പിലിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.