എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: എസ്.എഫ്.ഐയുടെ നാല്‍പ്പത്തിയേഴാം ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ ആവേശോജ്വല തുടക്കം. തിരുവങ്ങൂര്‍ മുതല്‍ കാപ്പാട് കടലോരംവരെയുള്ള റാലിയ്ക്കുശേഷമാണ് പൊതുസമ്മേളനം തുടങ്ങിയത്. ബാന്‍ഡ് സംഘമടക്കം വിവിധ കലാരൂപങ്ങളും നിറഞ്ഞ റാലിയില്‍ വന്‍ വിദ്യാര്‍ത്ഥി പങ്കാളിത്തമാണുണ്ടായിരുന്നത്.

പൊതുസമ്മേളനങ്ങള്‍ക്കുംശേഷം കാപ്പാട് ശാദി മഹലിലെ ധീരജ് നഗറില്‍ ജില്ലാ പ്രസിഡന്റ് ആര്‍ സിദ്ധാര്‍ത്ഥ് പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്തു. കെ വി അനുരാഗ് രക്തസാക്ഷി പ്രമേയവും സരോദ് ചങ്ങാടത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആര്‍ സിദ്ധാര്‍ത്ഥ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ മുഹമ്മദ് സ്വാഗതം പറഞ്ഞു.

പൊതുസമ്മേളനം എസ.്എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ് നയം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജു പറഞ്ഞു. ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരുന്ന തരത്തില്‍ പുതിയ പാഠപുസ്തകങ്ങള്‍ സൃഷ്ടിക്കുകയും പുതിയ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുകയുംചെയ്തു. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന നയമാണ് കേന്ദ്രം നടപ്പാക്കിവരുന്നതെന്നും ബിജു പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ദേവ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അമല്‍ സോഹന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.പി.അന്‍വീര്‍, വി.പി.ശരത് പ്രസാദ്, രഹ്ന സബീന, കെ.പി.ഐശ്വര്യ, ആദര്‍ശ് എം.സജി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടക്കും. പകല്‍ 3ന് സമ്മേളന സുവനീര്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനംചെയ്യും. ഞായറാഴ്ച പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. സമ്മേളനം വൈകിട്ട് നാലോടെ അവസാനിക്കും.