മകളുടെ വിവാഹം ക്ഷണിക്കാനെത്തി സഹപാഠിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും; ആദ്യശിക്ഷാവിധിയുമായി നാദാപുരം പോക്സോ കോടതി


നാദാപുരം: വീട്ടില്‍ അതിക്രമിച്ച്  കയറി പതിനേഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും വിധിച്ച് കോടതി. പശുക്കടവ് സ്വദേശി തലയഞ്ചേരി വീട്ടില്‍ ഹമീദിനെ(45)യാണ് പോക്സോ കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്.

നാദാപുരം പോക്സോ കോടതി നിലവില്‍ വന്നശേഷമുള്ള ആദ്യശിക്ഷാവിധിയാണിത്. 2021 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളുടെ വിവാഹം ക്ഷണിക്കാന്‍ എത്തിയ ഹമീദ് മകളുടെ സഹപാഠിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോടതി വിധിച്ച പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദ്ദേശം.

തൊട്ടില്‍പ്പാലം പൊലീസ് ഇന്‍സ്പെക്ടര്‍ എം.ടി.ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ച് പതിനാറ് സാക്ഷികളെയാണ് കേസില്‍ ഇതുവരെ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി മനോജ് അരൂര്‍ ഹാജറായി.