‘മുഖ്യമന്ത്രിയെ കാണണം, എന്റെ മോനെ കാണണം’, കൊയിലാണ്ടിയിലെ നവകേരള സദസിലെത്തിയ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കൈ കൊടുത്ത് എഴുപത്തിയഞ്ചുകാരി കുഞ്ഞിമാണിക്യം; വീഡിയോ കാണാം


കൊയിലാണ്ടി: ‘മുഖ്യമന്ത്രിയെ കാണണം, എന്റെ മോനെ കാണണം…..’ നവകേരള സദസിനായി കൊയിലാണ്ടിയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ നിന്നും കോതമംഗലം കുട്ടിപ്പറമ്പില്‍ കുഞ്ഞിമാണിക്യം തന്റെ കാലങ്ങളായുള്ള ആഗ്രഹം ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ ചുറ്റും നിന്നവര്‍ ആദ്യം ചെവി കൊടുത്തില്ല. എന്നാല്‍ നിരന്തരം കുഞ്ഞിമാണിക്യം തന്റെ ആവശ്യം പറഞ്ഞതോടെ സുരക്ഷയ്ക്കായി എത്തിയ പോലീസുകാരും നാട്ടുകാരും ആ അമ്മയുടെ ആഗ്രഹത്തിനൊപ്പം കൂടെ നിന്നു.

നവകേരള സദസിലെത്തുന്ന മുഖ്യമന്ത്രിയെ കാണാന്‍ വളരെ നേരത്തെ തന്നെ കുഞ്ഞിമാണിക്യം വേദിക്ക് സമീപമെത്തിയിരുന്നു. മുഖ്യമന്ത്രിയെ അടുത്തൂന്ന്‌ കാണണം….ഇതു മാത്രമായിരുന്നു ആഗ്രഹം. ഒടുവില്‍ ചുറ്റും കൂടി നിന്നവര്‍ സഹായിച്ചതോടെ കുഞ്ഞിമാണിക്യത്തിന്റെ കാലങ്ങളായുള്ള ആഗ്രഹം നടന്നു.

നവകേരള സദസിന്റെ പരിപാടികളെല്ലാം കഴിഞ്ഞ് മന്ത്രിമാര്‍ ഓരോരുത്തരായി വേദിയില്‍ നിന്നും മടങ്ങും വഴിയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് കുഞ്ഞിമാണിക്യത്തിന്റെ അടുത്ത് നിന്നവര്‍ മുഖ്യമന്ത്രിയെ കാണാനുള്ള അമ്മയുടെ ആവശ്യം പറയുന്നത്.

ഉടന്‍ തന്നെ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയോട് കാര്യം പറയുകയും. വേദിയില്‍ നിന്നും ഇറങ്ങി തിരിച്ചുപോകാന്‍ ഒരുങ്ങിയ മുഖ്യമന്ത്രി തിരിച്ചു വന്ന് കുഞ്ഞിമാണിക്യത്തിന് ആദ്യം കൈ കൊടുത്തു. ശേഷം അമ്മയുടെ തലയില്‍ കൈ വച്ച് അനുഗ്രഹിക്കുകയും ചെയ്തു. മുഖ്യമന്ത്രി അടുത്തെത്തിയതോടെ ചുറ്റിലും നിന്നവര്‍ മുഖ്യമന്ത്രിക്ക് കൈ കൊടുക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ തിരക്കില്‍ കുഞ്ഞിമാണിക്യത്തിന് മാത്രമാണ് ആ ഭാഗ്യം ലഭിച്ചത്.

എന്തൊക്കെയായാലും കുഞ്ഞിമാണിക്യം ആള് ഹാപ്പിയാണ്. കാലങ്ങളായുള്ള തന്റെ ആഗ്രഹം ഇത്ര പെട്ടെന്ന് നടക്കുമെന്നൊന്നും ആ അമ്മ കരുതിയിരുന്നില്ല. എഴുപത്തിയഞ്ച് വയസുള്ള കുഞ്ഞിമാണിക്യം വീടിന് സമീപത്തുള്ള വീടുകളില്‍ സഹായിയായി നിന്നും ചെറിയ രീതിയില്‍ മിന്‍കച്ചവടം നടത്തിയുമാണ് ജീവിക്കുന്നത്.