കാര്‍ഷിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം; കിസാന്‍ രത്ന പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ.കെ സുരേഷ്


കൊയിലാണ്ടി: ഫാര്‍മെഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കിസാന്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍(ഡ്രൈവർ) ഒ.കെ സുരേഷ്. കക്ഷി രാഷ്ട്രീയത്തിനതീതമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

കാര്‍ഷിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം എന്ന നിലയിലാണ് കിസാന്‍ രത്‌ന പുരസ്‌കാരം നല്‍കുന്നത്.
കണ്ണൂര്‍ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഘടനയുടെ ദേശീയ ക്യാമ്പില്‍ വെച്ച് കേരള കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ പത്മനാഭന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കേളകം പടിയക്കണ്ടി നേഴ്‌സറിയില്‍ വികസിപ്പിച്ചെടുത്ത മുന്തിയ ഇനം കശുമാവിന്‍ തൈകള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. ഗീത, കണ്ണൂര്‍ ബ്ലോക്ക് എ.ഡി.എ ആദര്‍ശ്, ഡോ: പിയൂഷ് നമ്പൂതിരി,കൊല്ലം കണ്ടി വിജയന്‍, കെ.എം സുരേഷ് ബാബു കീഴരിയൂര്‍,സാബു കീഴരിയൂര്‍, സംഘടനയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ കര്‍ഷക പ്രതിനിധികള്‍ ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Summary: Senior Civil Police Officer of Koilandi Police Station OK Suresh received the Kisan Ratna award.