പട്ടിണിയെന്താണെന്ന് മനസിലാക്കി തന്ന എന്റെ കന്നിനോമ്പ്; സെല്ലി കീഴുരിന്റെ നോമ്പോര്‍മ്മ
സെല്ലി കീഴുര്‍
‘എടക്കും തലക്കും നോറ്റ മൈ കുട്ട്യേള്
നാളെ എന്തായാലും നോമ്പ് എടുക്കണം ഇഞ്ഞി,”
”മാണ്ടുമ്മ എനക്ക് തല ചിറ്റും” ഞാന്‍ പറഞ്ഞു
‘ഇന്റെ തട്ടിപ്പൊന്നും മാണ്ട ഇന്നേക്കാളും
ചെറുതല്ലെ ഷയീര്‍ ഓന്‍ വരെ അര ദിവസം
നോമ്പ് എടുത്തല്ലോ’?
ഉമ്മ വിടാന്‍ ഭാവമില്ല.,
എനിക്ക് പാരയായ അനിയന്‍ ഷഹീറിനോട് വല്ലാത്ത ദേഷ്യം തോന്നി. എന്നാല്‍ ഞാന്‍ നോമ്പ് എടുക്കാം ഗത്യന്തരമില്ലാതെ സമ്മതിച്ചു
രാത്രി പള്ളികഴിഞ്ഞു വന്നു മുത്താഴം
കഴിഞ്ഞു കിടന്നു സുബ്ഹി ബാങ്കിന്
മുന്‍പായി ഉണര്‍ന്നു അത്താഴവും കഴിച്ചു
അതിനു ശേഷം ഞാനും അനിയനും നോമ്പ് നിയ്യത്ത് ചൊല്ലി
‘നവൈതു സൗമഅതിന്‍…..
അസ്സലാതു ഹൈറും മിനന്നഉം..’
ബാങ്ക് കേട്ടയുടനെ ഞങ്ങള്‍ സുബ്ഹി നിസ്‌ക്കാരത്തിനായി പള്ളിയിലേക്ക് പോയി നിസ്‌കാരം കഴിഞ്ഞു. തിരിച്ചു വന്നു വയര്‍ വിശന്നു വൈകുന്നേരം വരെ ഒപ്പിക്കുന്ന കാര്യം ഓര്‍ത്തു കിടന്നപ്പോള്‍ ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ചു കിടന്നപ്പോള്‍ എപ്പോഴാ ഉറങ്ങിപ്പോയി.
‘സെല്യേ സെല്യേ എണീച്ചൂട്
ഇന്ക് സ്‌കൂളില്‍ പോണ്ടേ’ ഉമ്മയുടെ വിളി
കുളിച്ചു റെഡിയായി സ്‌കൂളിലേക്ക്.
‘ബല്ലാണ്ട് ക്ഷീണം തോന്നുന്നുന്നെങ്കില്‍
ഉച്ചക്ക് ശേഷം ടീച്ചറോട് ചോയിച്ചിട്ടിങ് പോരി ‘ ഉമ്മാമ സാന്ത്വനകാറ്റായി.
‘ആ’ ഞാന്‍ പറഞ്ഞു. കാരണം ഉച്ചക്ക് ശേഷമാണ് കണക്കും സയന്‍സും (വിജയന്‍ മാഷ് ബാബുമാഷ് )
നോമ്പ് നോറ്റത് നന്നായി എന്ന് സന്തോഷത്തോടെ ഓര്‍ത്തു ഇന്നാണെങ്കില്‍
ലഡ്ഡു പൊട്ടി എന്നൊക്കെ പറയും പോലെ.
കുട്ടിക്കാലം ഓര്‍മ്മയില്‍ വന്ന കന്നി നോമ്പുമായി ഞാന്‍ സ്‌കൂളിലേക്ക്…
സ്‌കൂളിലേക്കുള്ള യാത്രാമദ്ധ്യേ മുമ്പൊരിക്കലും ശ്രദ്ധയില്‍പ്പെടാത്ത ഒരുപാട് കാര്യങ്ങള്‍ എന്റെ കണ്ണില്‍പ്പെട്ടു. കീഴൂര്‍ ടൗണില്‍ ചിലര്‍ സര്‍ബത്ത് കുടിക്കുന്നു ചിലര്‍ കടയില്‍ നിന്ന് പഴം ഉരിഞ്ഞു കഴിക്കുന്നു. ഹോട്ടലിന്റെ ഭാഗത്തേക്ക് ഞാന്‍ ശ്രദ്ധിച്ചതെ ഇല്ല . പടച്ചോനെ എന്തു പരീക്ഷണം ഇന്ന് നോമ്പ് എടുക്കണ്ടായിരുന്നു മനസ്സ് മന്ത്രിച്ചു.
ഏയ് അതൊന്നും പറ്റില്ല വൈകുന്നേരം മഗ്രിബ് ബാങ്ക് വരെ എന്റെ നോമ്പ് എത്തിക്കണം മനസ്സില്‍ ഉറപ്പിച്ചു.
അങ്ങിനെ ഒരു വിധം കീഴുര്‍ ടൌണ്‍ കഴിഞ്ഞു സ്‌ക്കൂളില്‍ എത്തി. കൂട്ടുകാരൊടൊക്കെ നോമ്പ് ആണെന്നറിയിച്ചു
ഗിരീഷും അനീഷും അങ്ങിനെ എല്ലാവരോടും പറഞ്ഞു. തലേന്നത്തെ ചെറുപയറും ചോറിന്റെയും ഗന്ധം അന്തരീക്ഷത്തില്‍ ഉണ്ടെന്ന സത്യം അന്ന് ഞാനറിഞ്ഞു. അന്ന് ഞാന്‍ ഭക്ഷണപ്രിയനൊന്നും ആയിരുന്നില്ല ഇപ്പോള്‍ ലേശം തീറ്റയുടെ അസുഖമുണ്ട്.
‘ഇന്ന് ഞാന്‍ ഉച്ചക്കൊന്നും കഴിക്കില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ശേഷമേകഴിക്കൂ.’ ഞാന്‍ സഹപാഠിയോട് പറഞ്ഞു.
എന്നാല്‍ ഞങ്ങള്‍ക്ക് അധികദിവസവും നോമ്പാണെന്ന് പറയാം. വിഷാദം നിഴലിക്കുന്ന കണ്ണുകളാല്‍ അവന്‍ പറഞ്ഞു.
ചെറിയ തോതില്‍ കാര്യങ്ങള്‍ മനസ്സിലായെങ്കിലും എന്താണ് കാര്യമെന്ന് ഞാനവനോട് ചോദിച്ചു.
വീട്ടിലെ കാര്യം അല്പം ബുദ്ധിമുട്ടാണ്. അച്ഛന് ചിലപ്പോഴൊന്നും ജോലി ഉണ്ടാവില്ല. പലപ്പോഴും വീട്ടില്‍ ചോറ് ഉണ്ടാവാറില്ല.
അത് പറയുമ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരുന്നു. ചോദിക്കേണ്ടിയിരൂന്നില്ല എന്നെനിക്ക് തോന്നി
വിശപ്പിന്റെ വില അറിയാനാണ് നോമ്പ് എടുക്കുന്നതെന്ന് ഉസ്താദ് മദ്‌റസയില്‍ പഠിപ്പിച്ചത് ഞാന്‍ ഓര്‍ത്തു.
പലപ്പോഴും ഭക്ഷണം ഇല്ലാത്ത അവന്റെ അവസ്ഥയോര്‍ത്തു. എന്റെ മനസ്സ് അസ്വസ്ഥമായി. എന്റെ കൂടെ ഒരേ ബെഞ്ചില്‍ ഇരിക്കുന്ന അവന്റെ വസ്ത്രം നനഞ്ഞിരിക്കുന്നത് ഞാന്‍ ഓര്‍ത്തു. ഒരു വസ്ത്രം തന്നെ കഴുകി ഇട്ടാണ് അവന്‍ വരുന്നതെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ കുഞ്ഞു ഹൃദയം നോമ്പിന്റ ക്ഷീണമൊക്കെ മറന്ന് അവന്റെ കാര്യമോര്‍ത്തു സങ്കടപ്പെട്ടു…