കുന്ന്യോറമലയില്‍ നടപ്പിലാക്കേണ്ടത് ശാസ്ത്രീയ നടപടികള്‍; ബി.ജെ.പി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു


കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണിടിച്ചിലുണ്ടായ കുന്ന്യോറ മലയില്‍ ശാസ്ത്രീയ നടപടികളാണ് ആവശ്യമുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍. സംഭവ സ്ഥലത്ത് ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി.

സ്ഥലത്ത് കോണ്‍ക്രീറ്റ് മതില്‍ കെട്ടിയാല്‍ പ്രശ്‌നം തീരില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍ ശാസ്ത്രീയമായ നടപടികളാണ് ഇവിടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ രണ്ട് പ്രാവശ്യമാണ് കുന്ന്യോറമലയില്‍ മലയിടിഞ്ഞത്. ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗങ്ങളിലാണ് മലയിടിഞ്ഞത്. നിരവധി കുടുംബങ്ങളാണ് മലയ്ക്ക് മുകളില്‍ താമസിക്കുന്നത്. മുന്‍കാലങ്ങളില്‍ മണ്ണിടിച്ചലുണ്ടായ പ്രദേശത്തുള്ള നാലോളം പേര്‍ ഇതിനകം ഇവിടെ നിന്നും മാറിത്താമസിച്ചിട്ടുണ്ട്. മഴ പെയ്താല്‍ പരിസരവാസികളെല്ലാം ഭീതിയോടെയാണ് ഇവിടെ താമസിക്കുന്നത്.

എസ്.ആര്‍.ജയ്കിഷ്, വയനാരി വിനോദ്, വി.കെ.ജയന്‍, ഗിരിജാ ഷാജി, കെ.വി.സുരേഷ് എന്നിവരും സന്ദര്‍ശനം നടത്തി.