കോടതികള്‍ സംഘപരിവാര്‍ പദ്ധതിക്ക് കൂട്ടുനില്‍ക്കരുത്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആരാധനാലയ സംരക്ഷണ സംഗമത്തില്‍ ശശീന്ദ്രന്‍ ബപ്പങ്ങാട്


കൊയിലാണ്ടി: ഡിസംബര്‍ 6 അംബേദ്കര്‍ ചരമദിനത്തില്‍ തന്നെ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി സംഘപരിവാര്‍ തെരഞ്ഞെടുത്തത് രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കാന്‍ കൂടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ശശീന്ദ്രന്‍ പപ്പന്‍കാട്. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെ 500 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആരാധനാലയ സംരക്ഷണ സംഗമങ്ങളുടെ ഭാഗമായി കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതര ഇന്ത്യയെ കലാപങ്ങളുണ്ടാക്കി അസ്ഥിരപ്പെടുത്താതിരിക്കാനാണ് 1991 ല്‍ രാജ്യം അംഗീകരിച്ച ആരാധന സംരക്ഷണ നിയമം കൊണ്ടുവന്നതെന്നും ഈ നിയമങ്ങളെ നോക്ക് കുത്തിയാക്കിയാണ് സംഘപരിവാര്‍ രാജ്യത്ത് ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ കോടതികള്‍ സംഘപരിവാര്‍ പദ്ധതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാജ്യത്തെയും രാജ്യ നിവാസികളെയും സംരക്ഷിക്കേണ്ട ഭരണഘടനയെ സംരക്ഷിക്കേണ്ട ഗതികേടിലാണ് ഇന്ന് ജനങ്ങള്‍ എന്നും ഇത് രാജ്യത്തെ സമാധാനത്തിന് വലിയ ഭീഷണിയാണന്നും ആരാധനാലയ നിയമ സംരക്ഷണ സംഗമം വിലയിരുത്തി.

മുന്‍സിപ്പല്‍ പ്രസിഡണ്ട് മുജീബ് അലി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് അസീസ് മാസ്റ്റര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമ്മല്‍ എന്നിവര്‍ സംസാരിച്ചു. മുന്‍സിപ്പല്‍ സെക്രട്ടറി അമീര്‍ എ.എം സ്വാഗതവും റഫീഖ് എം.പി നന്ദിയും പറഞ്ഞു.