ഒരു ദേശത്തും നടക്കാത്ത മുടികരിക്കല്‍ എന്ന ചടങ്ങ് ഉത്സവാഘോഷത്തിന്റെ ഭാഗമായ മുചുകുന്നിലെ വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്രം; ശരത് പ്രസാദ് എഴുതുന്നു


നലെരിയുന്ന തീനാളങ്ങളിലെ ഒരു തുള്ളി മിഴിനീര്‍ കണികപോലെ തുടിതാളങ്ങള്‍ക്കൊപ്പം നിത്യതയുടെ നിര്‍മല സ്വരൂപമായി ശ്രീ വാഴയില്‍ ഭഗവതീ ക്ഷേത്രം. പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ട ക്ഷേത്രം. പടിഞ്ഞാറ് അസ്തമയ സൂര്യന്റെ സ്ഥാനമാണെങ്കിലും ‘ഇരുട്ടിനെ പോലും വെളിച്ചമാക്കുന്ന’ ചൈതന്യ പ്രഭാവലയമായി അമ്മ കുടികൊള്ളുന്നു.

ഭഗവതീ ക്ഷേത്രത്തിന് തെക്ക് വശത്തായി ഗണപതി ഭഗവാനും, കിഴക്ക് വശത്തായി ഭഗവാന്റെ സങ്കല്‍പ്പവും കുടിയിരിക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് മുത്തപ്പനും ക്ഷേത്രത്തിനടുത്തായി തന്നെ കാവില്‍ ചാത്തനും, ഗുളികനും, നാഗകാളിയും ഭൂമിയുടെ മുത്തപ്പനും സങ്കല്‍പ്പം ചെയ്യപ്പെട്ടതായി കാണാം. കാവിന്റെ പുറത്ത് വലിയ കോമരത്തിന്റെയും ചെറിയ കോമരത്തിന്റെയും സങ്കല്‍പ്പങ്ങളും നിലനില്‍ക്കുന്നു. ക്ഷേത്ര സമീപത്തായി തെളിനീരുറവയോടെ ചെറിയ കുളവും, കാഞ്ഞിരവും നാഗസങ്കല്‍പ്പവും പുറ്റും ഭയ ഭക്തി ഭവ്യതയോടെ നിലനിന്ന് പോരുന്നു.

പറഞ്ഞും അറിഞ്ഞും കേട്ട ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം എന്തെന്നാല്‍ ‘ആകാശവും ഭൂമിയും ഒന്നോല്‍ ഒരുപോല്‍ എന്ന് പറയപ്പെടാവുന്ന കാലത്ത് നീലിമല കുന്നിന്‍ ചെരുവില്‍ പനങ്ങാട്ടില്ലത്ത് ഏഴ് ദേവകന്യകള്‍ വന്നെത്തുന്നു. അവര്‍ നടത്തുന്ന തുടര്‍യാത്രയില്‍ അവരിലെ മുതിര്‍ന്ന ആള്‍ മുകാംബികയിലും മറ്റൊരാള്‍ ലോകനാര്‍ കാവിലും ഇരിക്കുന്നു. പിന്നീട് യാത്ര തുടരുന്ന അഞ്ച്‌പേരും മണിയൂര്‍ കരുവഞ്ചേരി മലയും കടന്ന് കിഴൂര്‍ ആണ് എത്തുന്നത്. മുന്നോട്ട് വഴി പറഞ്ഞ് നല്‍കിയ കിഴൂര്‍ ഭഗവാന്റെ സഹായത്തോടെ പാറോല്‍ പാറയും കടന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നു. ഇവരിലൊരാള്‍ കൊങ്ങന്നൂരില്‍ ഇരിക്കുന്നു. വീണ്ടും കാടും മേടും കടന്ന് യാത്രചെയ്ത് പൊറ്റക്കാട് പറമ്പ് കയറി കുരുന്നം വീട് വഴി കോഴിക്കാമ്പത്ത് കയറി വാഴയില്‍ കണ്ടിയില്‍ മൂന്ന് ദേവകന്യമാരും അല്പനേരം വിശ്രമിക്കുന്നു. വിശ്രമസ്ഥലമായി ഇരുന്നത് ഇന്നും നിലനില്‍ക്കുന്ന കാഞ്ഞിരചുവട്ടിലെ കുളപ്പടവിലാണ്. ഒരു ദേവകന്യ കുളത്തിലെ കുടിനീര് കയ്യിലെടുത്ത് ചുറ്റുമൊന്ന് നോക്കിയപ്പോള്‍ അകലെയായി പടിഞ്ഞാറ് നോക്കി ഒരാള്‍ കീറി പറിഞ്ഞ പുതപ്പ് മൂടി ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

അങ്ങനെ ദൈവ സഞ്ചാര പാതയില്‍ അകപ്പെട്ടുപോയ ആ ചണ്ഡാളന്റെ സാന്നിധ്യവും കുളത്തിലെ ജലം ഉപയോഗിച്ചു എന്ന കാരണത്താലും ആ ദേവകന്യ അയ്ത്തം കല്പിക്കപ്പെടുന്നു. ഒപ്പമുള്ള ദേവകന്യമാര്‍ നടന്ന സംഭവം ചെന്നരുളിയത് ശ്രീ കോട്ടയില്‍ ഭഗവാനോടാണ്. ഭഗവാന്‍ ഇങ്ങനെ പറഞ്ഞത്രേ’നീ അവിടെ ഇരുന്നോളൂ കുംഭം 1 ഉച്ചാല്‍ തുടങ്ങിയാല്‍ ഞാന്‍ വാഴയില്‍ എത്തും, എന്റെ മേല്‍നോട്ടത്തില്‍ കുംഭം 9,10 ദിവസങ്ങളില്‍ ഉത്സവം നടക്കും. അമ്മയുടെ ഉത്സവം കണ്ട് മടങ്ങിയ ശേഷം ആണ് ശ്രീ കോട്ടയില്‍ ക്ഷേത്ര ഉത്സവം നടക്കുന്നത്.

ഭഗവാന്റെ ആറാട്ട് ദിവസം വാഴയില്‍ ശ്രീ ഭഗവതി അമ്മ ആചാരപരമായ ചിട്ടകളോടെ മുടക്കമില്ലാതെ എഴുന്നെള്ളാറുമുണ്ട്. വാഴയില്‍ നിന്നും യാത്ര തുടര്‍ന്ന ദേവകന്യമാരില്‍ ഒരാള്‍ ശക്തന്‍ കുളങ്ങരയിലും ഒരാള്‍ ഓടക്കാളിയിലും ചെന്നെത്തുന്നു. ഇക്കൂട്ടരില്‍ അവസാന ദേവകന്യയാണത്രേ ശ്രീ പിഷാരികാവിലമ്മ…

എഴുതപ്പെട്ടതും അല്ലാത്തതുമായ ഒരുപിടി കുട്ടിചേര്‍ക്കലുകളില്‍ വാഴയില്‍ കാട് വെട്ടാനെത്തിയ ഒരു ചണ്ഡാള മുത്തശ്ശി ഭഗവതി അമ്മയുടെ തിരുസ്വരൂപം കാണാനിടയാവുകയും പാറപ്പുറത്ത് ഇത് വെക്കാനിടയായതിനാല്‍ പ്രതിഷ്ടാരൂപമായി മാറി എന്നും പറയപ്പെടുന്നുണ്ട്.

ക്ഷേത്ര പരിസരത്തായി നിലനില്‍ക്കുന്ന രണ്ട് ഗുഹകള്‍ പറയപ്പെടലുകള്‍ക്കപ്പുറം കൗതുകപൂര്‍ണമായ കാഴ്ചയാണ്. ശ്രീകൃഷ്ണ ഭഗവാന്‍ നരകാസുരനെ വധിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഒളിച്ചിരിക്കാന്‍ അസുരന്‍ കണ്ടെത്തിയ ഇടമാണ് ഇതെന്നും, അതേപോലെ മുകുന്ദ മഹര്‍ഷി അഥവാ മുചുകുന്നന്‍ എന്ന മഹര്‍ഷി തപസനുഷ്ടിച്ച ഗുഹ ആയതിനാല്‍ ‘മുചുകുന്ന് ‘എന്ന നാമം ഈ ദേശത്തിന് വന്ന് ചേര്‍ന്നു എന്നും അവകാശവാദമുണ്ട്.

ആദ്യകാലത്ത് ക്ഷേത്രാവകാശികള്‍ ഊരാട്ടില്‍ക്കാര്‍ ആയിരുന്നെങ്കിലും കാലങ്ങള്‍ക്കിപ്പുറം പൊതുജന കമ്മറ്റി ഉള്‍പ്പെട്ട ക്ഷേത്രഭരണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മുന്നോട്ട് പോകുന്നു. ക്ഷേത്ര ഉത്സവ ചടങ്ങിലെ ‘ഒരു ദിക്കിലും ദേശത്തും’നടക്കാത്ത പ്രധാന ചടങ്ങാണ് ‘മുടികരിക്കല്‍’. കുരുത്തോലയില്‍ മുളയില്‍ ചേര്‍ത്ത കരിമുടിയും കരിങ്കോഴിയും കരികോലവും ചേര്‍ന്നതാണ് ചടങ്ങ്. വ്രതാനുഷ്ടാനത്തോടെ തലമുറകളായി നടന്നുവരുന്ന അഗ്‌നിയില്‍ മുടി കരിച്ച് സമര്‍പ്പണം നടത്തുന്ന ക്ഷേത്രാചാരം കൂടിയാണിത്.

ഇവിടെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ‘തുടി’ പ്രധാന വാദ്യോപകരണമാണ്. പണ്ട് നാട്ടിലെ പ്രധാന അറിയിപ്പുകള്‍ അയല്‍ ദേശങ്ങളില്‍ അറിയിക്കാന്‍ തുടി ശബ്ദം വഴികാട്ടി ആയിരുന്നെന്നും പറയപ്പെടുന്നു. ഉത്സവം കൊടിയേറിയാല്‍ ക്ഷേത്രത്തില്‍ തുടി കൊട്ടി തുടങ്ങിയാല്‍ വീടുകളില്‍ കൂട്ടിവെച്ച ‘അടിച്ചാറകള്‍’എന്നറിയപ്പെടുന്ന ഇലയും കൊമ്പുകളും കൂട്ടിയിട്ട് അഗ്‌നിക്കിരയാക്കി ഭഗവതി അമ്മയ്ക്ക് വഴി തെളിയിക്കുന്ന ഒരു ചടങ്ങുണ്ട്. താലപ്പൊലിയും സ്ഥാനിക തിറകളും ഉള്‍പ്പെടെ ഒരു പാട് ചടങ്ങുകള്‍ ഏറെ ഉണ്ട്താനും.

ഐതിഹ്യങ്ങളും വായ്‌മൊഴികളും അരുളപ്പാടുകള്‍പോലെ നിലനിന്ന്‌പോന്നാലും സാങ്കല്‍പികമായിരുന്നില്ല സങ്കല്‍പ്പങ്ങളെന്ന് എന്നും ഉറച്ച് വിശ്വസിക്കുന്ന ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളും മനുഷ്യരുള്ള കാലത്തോളം നിലനില്‍ക്കും. എഴുതിചേര്‍ക്കാന്‍ കഴിഞ്ഞതിനപ്പുറം എഴുതാന്‍ എനിയും ബാക്കി ഉണ്ടായിടും’ എന്ന തോന്നലോടെ അമ്മയ്ക്കരികിലും അകലത്തെ കാഴ്ചയില്‍.