”ഒരു രോഗിയുടെ ഒരുദിവസത്തെ ഡയാലിസിസ് ചെലവെങ്കിലും സംഭാവനയായി നല്‍കുക”; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സാന്ത്വനം ഡയാലിസിസ് സെന്ററിനുവേണ്ടിയുടെ ജനകീയ ധനസമാഹരണം വെള്ളിയാഴ്ച മുതല്‍
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ സാന്ത്വനം ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായുള്ള ജനകീയ ധനസമാഹരണം മെയ് ആറ് ഏഴ് എട്ട് തിയ്യതികളില്‍ നടക്കും. കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിലെയും സമീപ പഞ്ചായത്തുകളിലെയും മുഴുവന്‍ വീടുകളിലും കവറുകളും അഭ്യര്‍ത്ഥന കത്തുകളും നല്‍കിയാണ് ധനസമാഹരണം.
ഒരു രോഗിയുടെ ഒരു ദിവസത്തെ ഡയാലിസിസിനു ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1200 രൂപയാണ്. ഒരു രോഗിയുടെ ഒരു ദിവസത്തെ ഡയാലിസിസിന് വേണ്ടെന്ന് തുകയെങ്കിലും സംഭാവനയായി നല്‍കിക്കൊണ്ട് ഈ വമ്പിച്ച സംരംഭം വിജയിപ്പിക്കണമെന്ന് ധനസമാഹരണത്തിനുവേണ്ടി രൂപീകരിച്ച ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയില്‍ നിലവില്‍ മൂന്ന് ഷിഫ്റ്റില്‍ 54 പേര്‍ക്ക് ഡയാലിസിസ് നടത്താനുള്ള യന്ത്ര സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഒരു ഷിഫ്റ്റില്‍ 9 പേര് എന്നനിലയില്‍ രണ്ടു ദിവസങ്ങളിലായി 18 പേര്‍ക്കാണ് ഡയാലിസിസ് ചെയ്യുന്നത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അമ്പതിലധികം പേര്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്തു അവസരത്തിനായി കാത്തിരിക്കുകയാണ്. അനുദിനം വൃക്കരോഗികളുടെ എണ്ണം പെരുകി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കണമെങ്കില്‍ രണ്ട് കോടിയോളം രൂപ അടിയന്തരമായി സമാഹരിക്കേണ്ടതായിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയുടെയും സമീപപഞ്ചായത്തുകളുടെയും സഹകരണത്തോടെ ഈ തുക കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ജനകീയ ധനസമാഹരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വടകര പാര്‍ലമെന്റ് അംഗം കെ.മുരളീധരന്‍ രക്ഷാധികാരിയായും കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ചെയര്‍മാനായും മുന്‍ എം.എല്‍.എ കെ.ദാസന്‍ കണ്‍വീനറായും വി.പി.ഭാസ്‌കരന്‍ മാസ്റ്റര്‍ ട്രഷററും, എച്ച്.എം.സി അംഗങ്ങളും വിവിധ പഞ്ചായത്ത് പ്രസിഡണ്ട് മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗങ്ങളായിട്ടുള്ള വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. ഡയാലിസിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു ധനസമാഹരണവും തുടര്‍പ്രവര്‍ത്തനങ്ങളും പ്രത്യേകം രൂപം കൊടുത്ത ട്രെസ്റ്റിന്റെ കീഴില്‍ ആയിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലാ, ജനറല്‍ കണ്‍വീനര്‍ കെ.ദാസന്‍ (മുന്‍ എം.എല്‍.എ ) വര്‍ക്കിംഗ് ചെയര്‍മാന്‍ സുധ കിഴക്കെപാട്ട് (കൊയിലാണ്ടി നഗരസഭ ചെര്‍പേഴ്‌സണ്‍) ആശുപത്രി സുപ്രണ്ട് ഡോ.ഷീല ഗോപാലകൃഷ്ണന്‍, കെ.ഷിജു മാസ്റ്റര്‍ (നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍) ബി.പി.ഭാസ്‌കരന്‍ മാസ്റ്റര്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുങ്ങിയവര്‍ സംസാരിച്ചു.
[bot]