ഒരേ ജനനതീയ്യതി, ഒരേ വിലാസം; നാല് വോട്ടര്‍ ഐ.ഡികള്‍; കൗതുകക്കാഴ്ചയായി നെല്ല്യാടിയിലെ നാല്‍വര്‍ സഹോദരങ്ങളുടെ കന്നിവോട്ട്


കീഴരിയൂര്‍: മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരേ നാളില്‍ പിറന്ന നാല് സഹോദരങ്ങള്‍ ഒരുമിച്ച് കന്നിവോട്ട് രേഖപ്പെടുത്താനെത്തിയത് കൗതുകക്കാഴ്ചയായി. കീഴരിയൂരിലെ നെല്ല്യാടി നാഗകാളി ക്ഷേത്രത്തിന് സമീപത്തെ നെല്ല്യാടിത്താഴ വീട്ടിലെ പ്രകാശന്റെയും ബിബീനയുടെയും മക്കളായ അഭിജിത്ത്, അഭിനവ്, അഭിനയ്, അഭിനന്ദ എന്നിവരാണ് നടുവത്തൂര്‍ പോളിംങ്‌സ്റ്റേഷനില്‍ വോട്ടു ചെയ്യാനെത്തിയത്.

അമ്മക്കും അച്ഛനുമൊപ്പമാണ് സഹോദരങ്ങള്‍ എത്തിയത്. പോളിങ്ങ്‌സ്റ്റേഷനും പോളിംങ്ങ്
ഉദ്യോഗസ്ഥരെയുമെല്ലാം ആദ്യമായി കാണുന്ന നാല്‍വര്‍ സംഘത്തിനും ആദ്യ വോട്ടനുഭവം ആനന്ദിപ്പിക്കുന്നതായിരിക്കുന്നു. പയ്യോളി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.കെ.സുനിലായിരുന്നു പ്രിസൈഡിംങ് ഓഫിസര്‍. പയ്യോളി ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകനായ രണ്ടാം പോളിംങ് ഓഫിസര്‍ ബിനോജ് ബി.ചന്ദ്രന്‍
നല്‍വര്‍ സംഘത്തിന്റെ കൈവിരലില്‍ മഷിയടയാളം രേഖപ്പെടുത്തി. തുടര്‍ന്ന് ഓരോരുത്തരായി വോട്ടിംങ് മെഷിന്‍ ടേബിളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തി.

2003 മാര്‍ച് 28നാണ് മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ചില്‍ ആണ് ബിബിന ആദ്യ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ്. അബിത്തും അബിനയും ഇപ്പോള്‍ തലശ്ശേരി എന്‍.ടി.ടി.എഫില്‍ ടൂള്‍ ആന്റ് ഡൈ എന്‍ജിനീയറിജിനു പഠിക്കുന്നു. അബിനവും അബിനന്ദയും കൊല്ലം ഗുരുദേവ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്.