കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന്റെ ഐ.പി.എല്‍ അരങ്ങേറ്റത്തിന് വഴിതെളിയുന്നു? ദേവ്ധര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തോടെ താരം ഡല്‍ഹി ക്യാപിറ്റല്‍സ് സിലക്ഷന്‍ ക്യാംപില്‍


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ കേരള ക്രിക്കറ്റ് താരം രോഹന്‍ കുന്നുമ്മലിന്റെ ഐ.പി.എല്‍ അരങ്ങേറ്റത്തിന് വഴിതെളിയുന്നു. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദേവ്ധര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ രോഹന്‍ ഐ.പി.എല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സിലക്ഷന്‍ ക്യാംപിലാണ്. സിലക്ഷന്‍ ക്യാംപിലെയും ട്രയല്‍സിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎല്‍ ടീമുകള്‍ ആഭ്യന്തര താരങ്ങളെ തിരഞ്ഞെടുക്കുന്നത്.

” ഡല്‍ഹി ക്യാപിറ്റല്‍സ് ട്രെയിനിങ് ക്യാമ്പ് മികച്ച അനുഭവമായിരുന്നു. സൗരവ് ഗാംഗുലി, പ്രവീണ്‍ അമ്രെ തുടങ്ങിയവരോടൊപ്പം സമയം ചെലവിടാനായി. എന്റെ കരിയറിലെ അടുത്ത ഘട്ടത്തില്‍ അവരുടെ ഉപദേശങ്ങള്‍ പ്രതിഫലിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ” രോഹന്‍ പറഞ്ഞു.

ദേവ്ധര്‍ ട്രോഫിയില്‍ ദക്ഷിണ മേഖല ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന രോഹന്‍ ടൂര്‍ണമെന്റില്‍ 62.20 ശരാശരിയില്‍ 311 റണ്‍സ് നേടി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതെത്തിയിരുന്നു. ഫൈനലില്‍ രോഹന്റെ സെഞ്ചറിയുടെ ബലത്തിലാണ് ദക്ഷിണ മേഖല ചാംപ്യന്‍മാരായത്.

” സീസണില്‍ മികച്ച തുടക്കമായിരുന്നു ഇത്. ടീമിന്റെ വിജയത്തില്‍ കാര്യമായി സംഭാവനകളര്‍പ്പിക്കാനായതില്‍ സന്തോഷം. പ്രത്യേകിച്ച് ആറുകളികളില്‍ എല്ലാം ജയിച്ച ദക്ഷിണ മേഖല ടൂര്‍ണമെന്റ് ജേതാക്കളായപ്പോള്‍. ഫൈനല്‍ വലിയ ഒരു മുഹൂര്‍ത്തമായിരുന്നു. ഒറ്റ കളിയിലല്ല, ഓരോ കളിയിലും അതേ ആവേശവും ഊര്‍ജവുമായി ബാറ്റു ചെയ്യണമെന്ന് വിശ്വസിക്കുന്നു.” എന്നും താരം പ്രതികരിച്ചു.

രോഹന്‍ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് സന്ദര്‍ശിച്ച ഇന്ത്യ എ ടീമിലും അംഗമായിരുന്നു. കേരള ടീമില്‍ വൈകി ക്ഷണം കിട്ടിയ താരമാണ് രോഹന്‍. ദേശീയ അണ്ടര്‍ 19 ടീമില്‍ ബാറ്റുപിടിച്ചശേഷമാണ് താരം സംസ്ഥാനത്തിനായി കളിച്ചു തുടങ്ങിയത്.