കൊയിലാണ്ടിയില്‍ മോഷണം പതിവാകുന്നു; കള്ളന്മാര്‍ ലക്ഷ്യം വയ്ക്കുന്നത് പ്രായമായ സ്ത്രീകളെയോ ? ആശങ്കയില്‍ ജനങ്ങള്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീണ്ടും മോഷണം പതിവാകുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി കൊരയങ്ങാട് വീട്ടില്‍ കിടക്കുകയായിരുന്ന വൃദ്ധയുടെ ഒന്നരപ്പവനോളം വരുന്ന മാല കള്ളന്‍ പൊട്ടിച്ചെടുത്തത്. തെരു കൊമ്പന്‍കണ്ടി ചിരുതേയിയുടെ കഴുത്തില്‍ നിന്നുമാണ് കള്ളന്‍ മാല പൊട്ടിച്ചെടുത്തത്. ഉടന്‍ തന്നെ വീട്ടികാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ മാസം 26നായിരുന്നു ആനക്കുളത്തെ വീട്ടില്‍ ഉറങ്ങുകയായിരുന്ന വൃദ്ധയുടെ കഴുത്തിലെ മാല കള്ളന്‍ വീട്ടില്‍ കയറി മുറിച്ചെടുത്തത്. റെയില്‍വേ ഗേറ്റിന് സമീപം വടക്കേക്കുറ്റിയകത്ത് ജയന്റെ വീട്ടിലാണ് മൂന്ന് മണിയോടെ കള്ളന്‍ കയറിയത്. തുടര്‍ന്ന് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ കഴുത്തിലെ മാല മുറിച്ചെടുക്കുകയായിരുന്നു.
കള്ളന്‍ മാല പൊട്ടിച്ചെടുത്തപ്പോള്‍ തന്നെ വിജയലക്ഷ്മി ഉണരുകയും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മകന്‍ ജയനെ വിളിക്കുകയും ചെയ്തു. ഇതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. സ്വര്‍ണമാലയ്ക്ക് പുറമെ ജയന്റെ മകന്‍ ഷര്‍ട്ടില്‍ കീശയില്‍ സൂക്ഷിച്ചിരുന്ന പണവും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. അന്നേ ദിവസം തന്നെ സമീപത്തെ മറ്റൊരു വീട്ടിലും കള്ളന്‍ മോഷണം നടത്താന്‍ ശ്രമിച്ചിരുന്നു. പണിയായുധങ്ങളാണ് അവിടെ നിന്നും മോഷണം പോയത്.
സെപ്തംബര്‍ 27ന് പുളിയഞ്ചേരിയിലെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. പുതിയോട്ടില്‍ താഴെ മരക്കുളത്തില്‍ സുനിലിന്റെ വീടിന്റെ ടെറസിലേക്കുള്ള വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ മോഷണത്തിന് ശ്രമിച്ചത്. ഇതിനിടയില്‍ വാതിലിന് പുറകുവശത്തായി വീട്ടുകാര്‍ വെച്ചിരുന്ന സ്റ്റീല്‍ പാത്രം നിലത്ത് വീണു. ഉടന്‍ തന്നെ വീട്ടുകാര്‍ എഴുന്നേറ്റ് ലൈറ്റിടുകയും ഇതു കണ്ട കള്ളന്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
അടുത്തിടെ നടന്ന രണ്ട് മോഷണ കേസുകള്‍ നോക്കുമ്പോള്‍ പ്രായമായവരെയാണ് കള്ളന്മാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് കള്ളന്മാര്‍ വീടിനുള്ളിലേക്ക് കയറുന്നതും.
കൊയിലാണ്ടിയിലെ മോഷണ, ലഹരി മാഫിയ സംഘങ്ങളെ അമര്‍ ചെയ്യാന്‍ എന്ന ലക്ഷ്യത്തോടെ ഈ മാസം കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ ആലോചനാ യോഗം ചേര്‍ന്നിരുന്നു. ലഹരി മാഫിയയെയും മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ മോഷണം പെരുകുമ്പോഴും ഒരു അവലോകനയോഗം ചേര്‍ന്ന് തീരുമാനമെടുത്തു എന്നതിനപ്പുറത്തേക്ക് പോലീസ് നൈറ്റ് പെട്രോളിങ്ങ് പോലെ ഫലപ്രദമായ നടപടികളൊന്നും എടുക്കുന്നില്ലെന്ന ആക്ഷേപവും ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്.