ഷൊര്‍ണൂര്‍ കാരക്കാട് ക്ഷേത്രത്തില്‍ കവര്‍ച്ച; ഇരയായവരില്‍ ബാലുശ്ശേരി സ്വദേശിയായ വാദ്യകലാകാരനും
ബാലുശ്ശേരി: ഷൊര്‍ണൂര്‍ കാരക്കാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച. ഉത്സവത്തിനെത്തിയ വാദ്യകലാകാരന്മാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
ബാലുശ്ശേരി സ്വദേശി മുരളി, മലപ്പുറം സ്വദേശി പ്രസാദ് രാമപുരം, പാലക്കാട് കുണ്ടളശ്ശേരി അരവിന്ദന്‍ എന്നിവരുടെ മൊബൈല്‍ ഫോണും അരവിന്ദന്റെ രണ്ടരപ്പവന്റെ മാലയും കണ്ണൂര്‍ സ്വദേശി സന്തോഷ് ചെറുതാഴത്തിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയുമാണ് നഷ്ടമായത്.
തിങ്കളാഴ്ച രാത്രിയിലെ മേളത്തിനുശേഷം ക്ഷേത്രത്തിലെ അഗ്രശാലയില്‍ ഉറങ്ങുകയായിരുന്നു ഇവര്‍. ഇതിനിടെയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. 11.30ന് ഉറങ്ങിയ ഇവര്‍ മൂന്നുമണിയോടെയാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഷൊര്‍ണൂര്‍ ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.