യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം നിരോധിച്ച് തിക്കോടി പഞ്ചായത്ത് ബസാറില്‍ അധികൃതരുടെ ഓവുപാലം പുന:സ്ഥാപിക്കല്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം, രാത്രി വൈകിയും പെരുവഴിയിലായി യാത്രക്കാർ
തിക്കോടി: തിക്കോടി പഞ്ചായത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായി യാതൊരു മുന്നറിയിപ്പുമില്ലാതെ ദേശീയപാത ഉപരോധിച്ച് ഓവുചാല്‍ നിര്‍മാണം നടത്തിയതോടെ ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം. വൈകിട്ട് നാല് മണി മുതല്‍ തുടങ്ങിയ ഗതാഗത കുരുക്ക് രാത്രി 11 മണിയായിട്ടും തുടരുകയാണ്.
അറ്റകുറ്റപ്പണി ആരംഭിക്കുന്നതിന് മുമ്പ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തതാണ് ഇത്രയും നേരം നീണ്ട ഗതാഗത കുരുക്കിന് കാരണമായത്. തിക്കോടി മുതല്‍ ആനക്കുളം വരെ ആളുകള്‍ മണിക്കൂറുകളായി റോഡില്‍ കാത്ത്‌നില്‍ക്കുകയാണ്. അറ്റകുറ്റപ്പണി നടത്തുന്നതിന് കൃത്യമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താതുമാണ് ഇത്രയും വലിയ ഗതാഗതകുരുക്കിന് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
വൈകുന്നേരം മുതല്‍ തുടങ്ങിയ ഗതാഗത കുരുക്കില്‍ ദീര്‍ഘ ദൂര യാത്രക്കാരും വലഞ്ഞിരിക്കുകയാണ്. മാത്രമല്ല കുരുക്കില്‍ നിന്നും മാറി പോവാനായി ആളുകള്‍ ചെറിയ റോഡുകളെ ആശ്രയിച്ചതോടെ അത്തരം റോഡുകളിലും വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ മുതലാണ് തിക്കോടി പഞ്ചായത്ത് ബസാറില്‍ ഓവുചാല്‍ നിര്‍മാണം ആരംഭിച്ചത്. ഇന്ന് വൈകുന്നേരം സര്‍വ്വീസ് റോഡ് കീറി പണി തുടങ്ങിയതോടെയാണ് ഗതാഗത കുരുക്ക് ആരംഭിച്ചത്.
ദേശീയ പാതയിലെ രണ്ട് ഓവുപാലങ്ങള്‍ അടച്ചതും മഴയും പെയ്തതോടെയാണ് പഞ്ചായത്ത് ബസാറില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേത്യത്വത്തില്‍ തിക്കോടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ദേശീയപാത പ്രൊജക്റ്റ് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹയുടെ ഓഫീസിലെത്തി പ്രതിഷേധിച്ചതിന്റെ ഭാഗമായി സംഭവ സ്ഥലം തിങ്കളാഴ്ച സന്ദര്‍ശിച്ച് ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് ഡയറക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് സംഭവ സ്ഥലം സന്ദര്‍ശിച്ച പ്രൊജക്റ്റ് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹ രണ്ട് ദിവസത്തിനുള്ളില്‍ പടിഞ്ഞാറ് ഭാഗത്തെ വെള്ളം പൈപ്പ് വഴി കിഴക്ക് ഭാഗത്തെ നിലവിലെ ഡ്രൈനേജില്‍ ഒഴിവാക്കാമെന്നും ശാശ്വത പരിഹാരമായി ദേശീയ പാതയില്‍ അണ്ടര്‍പാസിന് സമീപത്ത് ഓവുപാലം പുന:സ്ഥാപിച്ച് വെള്ളം കിഴക്ക് ഭാഗത്തെ ഡ്രൈനേജില്‍ ഒഴിക്കിവിടാനുള്ള സംവിധാനം ചെയ്യാമെന്നും ഈ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പണികള്‍ ആരംഭിച്ചിരുന്നു. പടിഞ്ഞാറ് ഭാഗമുള്ള ഡ്രൈനേജ് പുനസ്ഥാപിക്കാനുള്ള നടപടികളാണ് ഇന്നലെ ഉച്ചയോടെ ആരംഭിച്ചത്.