വടകരയിലെ ജനങ്ങള്‍ ഞങ്ങളെ കൈവിടില്ലെന്ന് ഉറപ്പാണ്, വടകരയില്‍ സമാധാനം ഉണ്ടാകണമെന്ന് മാറ്റാരെക്കാളും ഞങ്ങള്‍ ആഗ്രഹിക്കുന്നു; മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പില്‍


വടകര: വടകരയിലെ ജനങ്ങള്‍ ഞങ്ങളെ കൈവിട്ടിട്ടില്ലെന്ന് പൂര്‍ണ്ണമായ ഉറപ്പാണ്, കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ് ജയിക്കുമെന്ന സാഹചര്യം ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു . എക്‌സിറ്റ് പോളില്‍ കാര്യമാക്കുന്നില്ലെന്നും വടകരയിലെ ജനങ്ങളെ അറിഞ്ഞ് വന്നതാണെന്നും ഷാഫി പറഞ്ഞു.

എക്‌സാറ്റ് പോള്‍ ഉടനെ വരുമെന്നതിനാല്‍ എക്‌സിറ്റ് പോളിനെക്കുറിച്ച് ഇനി പറയുന്നില്ലെന്നും വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും പാലക്കാട്ടെ ജനങ്ങളോടുള്ള സ്‌നേഹം അറുത്ത്മാറ്റാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. വടകരയിലെ പല പരാമര്‍ശങ്ങളില്‍ നിയമപരമായ നടപടികളില്‍ മുന്നോട്ട് പോകണമെന്നും ഷാഫി പറഞ്ഞു.

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഒരുലക്ഷം കടന്നിട്ടുണ്ട് (101127) ഷാഫി പറമ്പിലിന്റെ ലീഡ്. തുടക്കം മുതല്‍ തന്നെ വടകരയില്‍ യുഡിഎഫ് മുന്നില്‍ തന്നെയായിരുന്നു.488291 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. 387164 വോട്ടുകള്‍ എല്‍.ഡി.എഫിന്റെ കെ.കെ ശൈലജയും 96288 വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയും നേടി.

ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിച്ചതോടെ വടകരയില്‍ ആഹ്ളാദ പ്രകടനങ്ങളും ആരംഭിച്ചു. ആഘോഷങ്ങള്‍ക്കായി ഷാഫി പറമ്പില്‍ വൈകുന്നേരത്തോടെ വടകരയില്‍ എത്തും. വടകരയില്‍ ഷാഫി പറമ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് തുടക്കം മുതല്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ കുടെ നിന്ന വടകരയിലെ ജനങ്ങളോട് അകമഴിഞ്ഞ സ്‌നേഹം നല്‍കിയതിനും മാധ്യമങ്ങളോടും നന്ദി പറഞ്ഞാണ് ഷാഫി പറമ്പില്‍ അവസാനിപ്പിച്ചത്.