‘എടവരാടുള്ള ഗര്‍ഭിണികളും വയോജനങ്ങളും സ്ത്രീകളും കുട്ടികളുമടങ്ങുന്നവരുടെ ആശ്രയമാണിത്, ഇവിടെ നിന്നും മാറ്റരുത്” ഹെല്‍ത്ത് സബ് സെന്റര്‍ എരവട്ടൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ എരവരാട് നിവാസികള്‍


പേരാമ്പ്ര: കഴിഞ്ഞ 40 വര്‍ഷത്തോളമായി എടവരാട് ചേനായി അങ്ങാടിക്കടുത്ത് ജസ്റ്റീസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിച്ച് വരുന്ന ഹെല്‍ത്ത് സബ്‌സെന്റര്‍ എരവട്ടൂരിലേക്ക് മാറ്റാനുള്ള പേരാമ്പ്ര പഞ്ചായത്ത് അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടവരാട് നിവാസികള്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നാലു പതിറ്റാണ്ടായി എടവരാട്, കൈപ്രം നിവാസികളായ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ജീവിതശൈലീ രോഗികള്‍ എന്നിവരുടെ ആശ്രയ കേന്ദ്രമാണ് എടവരാട് സബ് സെന്റര്‍. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള കുത്തിവെപ്പുകള്‍, വാക്‌സിനുകള്‍ നല്‍കി വരുന്നതും പ്രമേഹം, പ്രഷര്‍ തുടങ്ങിയവയുടെ ടെസ്റ്റുകളും നടക്കുന്നതോടൊപ്പം എല്ലാ വെള്ളിയാഴ്ചയും ഡോക്ടറുടെ പരിശോധനയും സൗജന്യ മരുന്നുകളും ലഭിക്കുന്നു, നൂറിലധികം രോഗികള്‍ ഡോക്ടറുള്ള ഓരോ ദിവസവും ചികിത്സക്കെത്തുന്നു.

കാലപ്പഴക്കത്താല്‍ മേല്‍ കെട്ടിടം ജീര്‍ണ്ണിച്ചതിനാല്‍ ഇപ്പോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ചേനായിലെ അന്‍സാറുല്‍ ഇസ്ലാം മദ്രസ്സ വാടക മുറിയിലാണ്. പഴക്കം ചെന്ന സബ് സെന്റര്‍ പൊളിച്ചുമാറ്റി പുതിയതു നിര്‍മ്മിക്കാന്‍ പേരാമ്പ്ര പഞ്ചായത്ത് 18 ലക്ഷം രൂപ വകയിരുത്തിയപ്പോഴാണ് എന്‍.എച്ച്.എം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) 55 ലക്ഷം രൂപ അനുവദിച്ചത്.

റോഡ് ലവലില്‍ മണ്ണെടുത്ത് സ്ഥലം റെഡിയാക്കി ഏല്‍പ്പിച്ച് കൊടുക്കണമെന്ന എന്‍.എച്ച്.എമ്മിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് ബില്‍ഡിംഗ് പൊളിച്ചുമാറ്റി മണ്ണെടുത്തപ്പോള്‍ പാറയായതിനാല്‍ റോഡ് ലവലില്‍ താഴ്ത്താന്‍ കഴിയാത്തതിനാല്‍ എരവട്ടൂര്‍ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം സൗജന്യമായി വാങ്ങി അവിടേക്ക് സെന്റര്‍ മാറ്റാന്‍ നീക്കം നടത്തുകയാണുണ്ടായത്. എടവരാട് ഒന്നും രണ്ടും വാര്‍ഡ് ഗ്രാമസഭകളിലൂടെയോ പ്രദേശവാസികളുടെ യോഗം വിളിച്ചോ സെന്റെര്‍ മാറ്റുന്ന വിവരം ജനങ്ങളെ അറിയിച്ചിരുന്നില്ല. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് രണ്ടാം വാര്‍ഡ് മെമ്പര്‍ റസ്മിന തങ്കേക്കണ്ടി വിളിച്ചു ചേര്‍ത്ത എടവരാട് നിവാസികളുടെ യോഗത്തില്‍ ഉദാരമതിയായൊരു വ്യക്തി ചേനായില്‍ പൊന്നും വിലയുള്ള സ്ഥലം സബ്‌സെന്ററിനായി നല്‍കാന്‍ തയ്യാറായി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മെമ്പറുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ചേനായില്‍ പ്രതിഷേധ പ്രകടനവും ബഹുജന കണ്‍വെന്‍ഷനും നടന്നു. ശേഷം വെളളിയാഴ്ച രാവിലെ 10.30 ന് പേരാമ്പ്ര ടി.ബി. പരിസരത്തുനിന്നും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നിവേദനം നല്‍കി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.കെ. കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി ജയകൃഷ്ണന്‍, കെ.ജലീല്‍ സഖാഫി, ഇ.പി.സുരേഷ്, പി.സൂപ്പി മൗലവി, കെ.വി.കുഞ്ഞബ്ദുല്ല ഹാജി, ചാലക്കോത്ത് ഉഷ, കെ.പി.ജമീല,ടി.കെ.ബാലക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. പി.പി.അബ്ദു റഹ്‌മാന്‍ നന്ദി പറഞ്ഞു.

Summary: Residents of Edavarad led a protest march to the panchayat office under the leadership of the Action Committee.