നാശം വിതച്ച് കനത്ത മഴ തുടരുന്നു; കൊയിലാണ്ടിയിലുൾപ്പെടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം വർദ്ധിക്കുന്നു; അപകടമെന്ന് തോന്നിയാൽ ഉടൻ അറിയിക്കുക
കൊയിലാണ്ടി: നഗരത്തിൽ കനത്ത നാശം വിതച്ച് മഴ. വിവിധയിടങ്ങളിലായി റോഡ് തകരുകയും വീടിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മഴ തോരാതെ തുടരുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയും ഒഴിയുന്നില്ല. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പുഴകളും കര കവിയാൻ തുടങ്ങിയിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി തുടങ്ങിയ ക്യാമ്പുകളിലായി നിരവധി ആളുകൾ താമസിക്കുന്നു, ഇന്നലെ പന്ത്രണ്ട് ക്യാമ്പുകളുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് ഇന്ന് 16 ക്യാമ്പുകളാണുള്ളത്. 205 കുടുംബങ്ങളിലെ 645 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 237 പുരുഷന്മാരും 263 സ്ത്രീകളും 145 കുട്ടികളും ക്യാമ്പുകളിലുണ്ട്.
കൊയിലാണ്ടി താലൂക്കിൽ നാല് ക്യാമ്പുകളാണുള്ളത്. ചക്കിട്ടപ്പാറ കൂരാച്ചുണ്ട് വില്ലേജുകളിലെ 51 കുടുംബങ്ങളളിൽ നിന്നുള്ള 178 പേരാണ് ഇവിടെ ഉള്ളത്. ഇതിൽ 61 പുരുഷന്മാർ 72 സ്ത്രീകൾ 45 കുട്ടികൾ എന്നിവരുൾപ്പെടും.
കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാമ്പുകളാണുള്ളത്. കച്ചേരിക്കുന്ന് അങ്കണവാടിയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുണ്ട്. ഒരു പുരുഷനും 2 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടും. കുമാരനല്ലൂർ വില്ലേജിലെ ലോലയിൽ അങ്കണവാടിയിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന് അംഗങ്ങൾ ഉള്ള ഒരു കുടുംബം താമസിക്കുന്നു.
വടകര താലൂക്കിൽ എട്ട് ക്യാമ്പുകളിലായി 143 കുടുംബങ്ങളിൽ നിന്നുള്ള 417 പേരാണുള്ളത്. 160 പുരുഷൻമാർ, 178 സ്ത്രീകൾ, 79 കുട്ടികൾ.
താമരശ്ശേരി താലൂക്കിൽ മുത്തപ്പൻ പുഴ ഭാഗത്തെ 7 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 13 കുടുംബങ്ങളിൽ നിന്നുള്ള 42 പേരാണുള്ളത്. 12 പുരുഷൻമാർ, 16 സ്ത്രീകൾ, 14 കുട്ടികൾ.
നഗരം വില്ലേജ് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് തെക്കുഭാഗത്തു താമസിക്കുന്ന ഫൈസൽ എന്നവരുടെ വീടിന്റെ മേൽക്കൂര മഴയിൽ തകർന്നു വീണു. ആളപായമില്ല. കക്കയം ഡാംസെെറ്റ് റോഡിൽ ഒമ്പതാം വളവിൽ റോഡിന്റെ ഒരുവശം ഇടിഞ്ഞു താഴ്ന്നു. ബാലുശ്ശേരി വില്ലേജിൽ കടലാട് കണ്ടി അഷ്റഫ് എന്നവരുടെ കിണർ ഇടിഞ്ഞു താഴുകയുണ്ടായി.
പുതുപ്പാടി പഞ്ചായത്ത് പത്താം വാർഡിൽ വീട് മുറ്റത്തിന്റെ മതിൽ ഇടിഞ്ഞ് സാജിത പള്ളിക്കുന്നുമ്മലും കുടുംബവും ബന്ധു വീട്ടിലേക്ക് മാറി.
ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കൊയിലാണ്ടി- 0496 -2620235, കോഴിക്കോട് -0495 -2372966, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.