കുടിവെള്ള ക്ഷാമത്തിനും കർഷകർക്കും ഇനി ആശ്വാസം; മാവിൻചുവട് പെരുങ്കുനി തോട് ഇനി നന്നായി ഒഴുകും
കൊയിലാണ്ടി: പുത്തൻ രൂപത്തിലും ഭാവത്തിലുമൊഴുകാൻ മാവിൻചുവട് പെരുങ്കുനി തോട്. നവീകരണ പ്രവർത്തി ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയുടെ ഇരുപത്തിയേഴാം ഡിവിഷനിൽ 2019 – 20 വർഷത്തെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് 40 ലക്ഷം രൂപ ചെലവിലാണ് നവീകരണം. പ്രവർത്തനോദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു.
മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനും വേനൽക്കാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായും കാർഷികമേഖലയ്ക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾക്കും തോട് നവീകരണത്തിലൂടെ സാധിക്കുമെന്ന് എംഎൽഎ പറഞ്ഞു. രണ്ടു ഭാഗങ്ങളിലായി 540 മീറ്ററിലാണ് തോട് നവീകരണ പ്രവർത്തി നടക്കുന്നത്.
നഗരസഭ ക്ഷേമ കാര്യ സ്റ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. പട്ടികജാതി ഓഫീസർ വിചിത്ര പദ്ധതി വിശദീകരണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വേണു, ഇ അശോകൻ, ടി ഗംഗാധരൻ, ബിജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡി.കെ. ബിജു സ്വാഗതവും പി വി മുരളി നന്ദിയും രേഖപ്പെടുത്തി.