കഥകളി ഭാവങ്ങൾ ചായങ്ങളിൽ വിരിഞ്ഞു; ഗുരു ചേമഞ്ചേരിക്ക് വര പ്രണാമവുമായി ചിത്രകാരന്മാർ


ചേമഞ്ചേരി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കു മുൻപിൽ വര പ്രണാമവുമായി ചിത്രകാരന്മാർ. ജ്വലിക്കുന്ന കഥകളി ഭാവങ്ങൾ കാൻവാസിൽ പകർത്തിയായിരുന്നു ചിത്രകാരന്മാരുടെ പ്രണാമം. ഗുരുവിന്റെ പ്രിയപ്പെട്ട കൃഷ്ണവേഷമാണു കൂടുതലായി ചിത്രീകരിക്കപ്പെട്ടത്. കഥകളിയിൽ ഗുരു പകർന്നാടിയ മറ്റു വേഷങ്ങളും ചിത്രകാരന്മാർ ക്യാൻവാസിൽ പകർത്തി.

ഗുരുവിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ചു ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച ‘ഓർമ’ പരിപാടിയുടെ ഭാഗമായാണ് മിഠായിത്തെരുവ് എസ്കെ സ്ക്വയറിൽ 40 ചിത്രകാരന്മാർ ഗുരുവിന്റെ വിവിധ കഥകളി ഭാവങ്ങൾ കാൻവാസിൽ പകർത്തിയത്. വര ഓപ്പൺ കാൻവാസ് എന്നു പേരിട്ട പരിപാടി സിഗ്നി ദേവരാജ് ഉദ്ഘാടനം ചെയ്തു. ചേലിയ കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ.എൻ.വി.സദാനന്ദൻ ആധ്യക്ഷ്യം വഹിച്ചു. യു.കെ.രാഘവൻ, പി.സന്തോഷ്, ഡോ.ഒ.വാസവൻ, കലാനിലയം ഹരി, സുരേഷ് ഉണ്ണി, എൻ.കെ.ശശി എന്നിവർ പ്രസംഗിച്ചു.

ഗുരുവിന്റെ ചരമ വാർഷികാചരണത്തോടനുബന്ധിച്ച് ഒരു മാസത്തിലധികം നീണ്ടു നിന്ന ആഘോഷ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഗുരുവിന്റെ പൂർണകായ പ്രതിമ കഥകളി വിദ്യാലയത്തിൽ സ്ഥാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 200 ലേറെ കേന്ദ്രങ്ങളിൽ അനുസ്മരണ സാംസ്കാരിക സദസുകൾ, സ്മൃതിയാത്ര എന്നിവയും സംഘടിപ്പിച്ചു.