സൈക്കിള്‍ പഴുതിലൂടെ തെളിയുന്ന ജീവസുറ്റ ചിത്രങ്ങള്‍; കൊയിലാണ്ടിയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച ശിവാനന്ദനെ ഓര്‍ത്തെടുക്കുന്നു മണിശങ്കര്‍


 

മണിശങ്കര്‍

കൊയിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിപ്പിന് പോയതില്‍ പിന്നെയാണ് കെ.കെ.സി സൈക്കിള്‍ ഷോപ്പും ഉടമ ശിവേട്ടനും (ശിവാനന്ദന്‍ ) മനസ്സില്‍ കയറിക്കൂടുന്നത്. സൈക്കിളിനോട് കൗമാരക്കാരനുള്ള മുടിഞ്ഞ കൊതിയാണ് അവിടെ എത്താന്‍ കാരണമായതെങ്കിലും സൈക്കിളുകള്‍ നിറഞ്ഞ… സൈക്കിള്‍പ്പണിത്തരങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കെ.കെ.സി എന്ന ആലയത്തിനകത്ത് ശിവേട്ടന്‍ വരച്ച് പൂര്‍ത്തിയാക്കിയ… വരച്ചുകൊണ്ടിരിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങളായിരുന്നു എന്നെ അവിടെയ്ക്ക് കൊളുത്തി വലിച്ചത്. ബ്രഷും നിറക്കൂട്ടുമായി ചിത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന ശിവേട്ടന്‍ എന്നെ പോലെ അക്കാലത്തെ ചില കുട്ടികള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു.

പല നേരങ്ങളിലും സൈക്കിള്‍ മെക്കാനിക്ക്…ചില നേരങ്ങളില്‍, ഭാവനയില്‍ നിന്നും അല്ലാതെയും ചിത്രങ്ങള്‍ നെയ്‌തെടുക്കുന്ന കലാകാരന്‍… ഈ വേഷപകര്‍ച്ചയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്ന ഗൗരവവും കാരണം ഞങ്ങള്‍ക്കെല്ലാം ആരാധനയായിരുന്നെങ്കിലും അടുപ്പം കുറച്ച് പേര്‍ക്കേ ഉണ്ടായിരുന്നുള്ളൂ.

ശിവാനന്ദന്‍ വരച്ച ചിത്രം. ശ്രദ്ധ ആര്‍ട്ട് ഗാലറി പ്രദര്‍ശനത്തില്‍ നിന്ന്. [ഫോട്ടോ കടപ്പാട്: Calicutpost.com]

അടുപ്പമുള്ളവരില്‍ ചിലര്‍ പൂവുകളുടെ ചിത്രം നോട്ടുബുക്കിന്റെ താളുകളില്‍ വരച്ച് വാങ്ങി ക്ലാസില്‍ കൊണ്ടുപോയി കൂട്ടുകാരെ പത്രാസോടെ കാണിച്ചു. ശിവേട്ടന്റെ ചിത്രം വര ക്രമേണ ബോര്‍ഡെഴുത്തിലേക്കും പോര്‍ട്ടിയേറ്റുകളിലേക്കും മാറി. സൈക്കിള്‍ പീടികയുടെ ഗരിമയും പടിപടിയായി ഉയര്‍ന്നു.

ഒരു കുടുസ്സുമുറിയില്‍ നിന്ന് രണ്ട് വലിയ ഷോറൂമിലേക്ക് കട വളര്‍ന്നു. അതിനിടയിലാണ് നല്ലൊരു വായനക്കാരന്‍ കൂടിയായ ശിവേട്ടന്‍ സൈക്കിള്‍ കടയോട് ചേര്‍ന്ന് ലെന്റിംഗ് ലൈബ്രറി പടിപടിയായി വളര്‍ത്തിയെടുക്കുന്നത്. എന്റെ വായന പച്ചപിടിച്ച കാലമായതിനാല്‍ ഞാനവിടെ പതിവുകാരനായി. ഇതിനിടയില്‍ സി ഡി ഷോറൂം, കാസറ്റ് കട എന്നിങ്ങനെ അല്ലറ ചില്ലറ വകഭേദങ്ങളും അനുബന്ധമായി വെച്ചുപിടിപ്പിക്കുന്നുണ്ടായിരുന്നു.

ശിവാനന്ദന്‍ വരച്ച ചിത്രം.  ശ്രദ്ധ ആര്‍ട്ട് ഗാലറി പ്രദര്‍ശനത്തില്‍ നിന്ന്. [ഫോട്ടോ കടപ്പാട്: Calicutpost.com]

ശിവാനന്ദന്‍ വരച്ച ചിത്രം. ശ്രദ്ധ ആര്‍ട്ട് ഗാലറി പ്രദര്‍ശനത്തില്‍ നിന്ന്. [ഫോട്ടോ കടപ്പാട്: Calicutpost.com]

പിന്നീട് സൈക്കിള്‍ റിപ്പയറിംഗും വാടകയ്ക്ക് നല്‍കലും സഹോദരന്‍ ബാബുവിനെ ഏല്പിച്ച് സ്‌പെയര്‍ പാര്‍ട്ട്‌സ് വില്പനയും പുതിയ സൈക്കിള്‍ വില്പനയുമൊക്കെയായി ജോലി ഭാരം കുറച്ച് ശിവേട്ടനിലെ കലാകാരന്‍ സജീവമായി കൊണ്ടിരുന്നു.

പിന്നീട് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ച് ശിവേട്ടന്‍ അവിടം വിട്ടു. പിന്നീട് ഏറെ നാളുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയത് വെറും സൈക്കിള്‍ മെക്കാനിക്ക് മാത്രമായിട്ടായിരുന്നു. സൈക്കിള്‍ കച്ചവടം മറ്റാരോ ആണ് അപ്പോള്‍ നടത്തിയത്. അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന ‘വെറും പണിക്കാര’നെന്ന മട്ടിലായിരുന്നു പിന്നീട് ശിവേട്ടന്‍. എപ്പോള്‍ കാണുമ്പോഴും പണിയോട് പണി. ചിത്രം വരയുമില്ല…. വായനയുമില്ല… ആരോടും വര്‍ത്തമാനവുമില്ല. എന്നാലും കെ.കെ.സിക്ക് മുന്നിലൂടെ പോകുന്ന നേരങ്ങളില്‍ ഞാന്‍ അകത്തേക്ക് നോക്കാറുണ്ട്; സൈക്കിള്‍ പണി നിര്‍ത്തി ശിവേട്ടന്‍ കാന്‍വാസുകളില്‍ തീര്‍ക്കുന്ന ജീവസുറ്റ ചിത്രങ്ങള്‍ കാണാന്‍.

ഇന്ന് കാലത്ത് ശിവാനന്ദന്‍ തീവണ്ടി തട്ടി മരിച്ചു. പ്രണാമം.