നിപയില്‍ വീണ്ടും ആശ്വാസം; ഇന്ന് ലഭിച്ച 61 പരിശോധന ഫലങ്ങളും നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയിലുളളത് 980 പേര്‍


കോഴിക്കോട്: ഇന്ന് ലഭിച്ച 61 നിപ പരിശോധന ഫലവും നെഗറ്റീവ്. നിലവില്‍ 980 പേരാണ് ജില്ലയില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഒരാളെയാണ് പുതുതായി ഇന്ന് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 436 പേരാണുള്ളത്. കോള്‍ സെന്ററില്‍ ബുധനാഴ്ച 45 ഫോണ്‍ കോളുകളാണ് വന്നത്. ഇതുവരെ 1,238 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു.

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഒരുക്കിയ 75 മുറികളില്‍ 63 എണ്ണം ഒഴിവുണ്ട്. നാല് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ 10 മുറികളും അഞ്ച് ഐസിയുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഏഴ് മുറികള്‍ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.

ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 1,003 വീടുകളില്‍ ഇന്ന് സന്ദര്‍ശനം നടത്തി. 53,708 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്.