ആനപ്പാറയില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തല്‍; ക്വാറി പ്രവര്‍ത്തിക്കുന്നതടക്കം നാലു തീരുമാനങ്ങള്‍ മുന്നോട്ടുവെച്ച് ആര്‍.ഡി.ഒയുടെ അധ്യക്ഷതയിലുള്ള യോഗം


കീഴരിയൂര്‍: ആനപ്പാറയില്‍ ക്വാറി പ്രവര്‍ത്തനം തുടരുന്നതില്‍ പ്രശ്‌നമില്ലെന്ന് ആര്‍.ഡി.ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം. ഖനനം നിര്‍ത്തിവെച്ച തീരുമാനം നിയമപ്രകാരം പുനപരിശോധിക്കാന്‍ ജിയോളജിസ്റ്റിന് യോഗം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ആര്‍.ഡി.ഒയുടെ നിര്‍ദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റ് ക്വാറിയില്‍ പരിശോധനകള്‍ നടത്തിയിരുന്നു. പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട തരത്തിലുള്ള നിയമലംഘനങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലാത്തതിനാല്‍ ഖനനം നിര്‍ത്തിവെച്ച തീരുമാനം പുനപരിശോധിക്കാനാണ് യോഗത്തില്‍ തീരുമാനിച്ചതെന്ന് തഹസില്‍ദാര്‍ മണി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ക്വാറിയുടെ പരിസരങ്ങളിലെ വീടുകളില്‍ രൂപപ്പെട്ടിട്ടുള്ള വിള്ളലുകളും മറ്റ് അപാകതകളും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ പരിശോധിച്ച് നിര്‍ദേശിക്കുന്നത് പ്രകാരം ക്വാറി ഉടമകള്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതാണെന്നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമേ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, സ്‌റ്റേറ്റ് എന്‍വിറോണ്‍മെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റി, ഗ്രാമപഞ്ചായത്ത്, ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, പി.ഇ.എസ്.ഒ എന്നിവര്‍ നല്‍കിയിട്ടുള്ള ലൈസന്‍സിലെയും പെര്‍മിറ്റിലെയും നിബന്ധനകള്‍ ക്വാറി ഉടമകള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചട്ടപ്രകാരം പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ച തീരുമാനം പുനപരിശോധിക്കുന്നതിനോട് ക്വാറിയ്‌ക്കെതിരെ സമരം നടത്തുന്ന ആക്ഷന്‍ കമ്മിറ്റി വിയോജിപ്പ് രേഖപ്പെടുത്തുകയും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്‌തെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വടകര ആര്‍ഡി.ഒയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 30ന് കൊയിലാണ്ടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് ക്വാറി ഉടമകളുടെയും റവന്യൂ അധികൃതരുടെയും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളുടെയും യോഗം ചേര്‍ന്നത്. ആനപ്പാറ ക്വാറി പ്രവര്‍ത്തനത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ക്വാറി പരിശോധിക്കുകയും എന്തെങ്കിലും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പരിശോധന പൂര്‍ത്തിയാക്കുംവരെ ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ജില്ലാ ജിയോളജിസ്റ്റിന്റെ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു മാര്‍ച്ച് 30ന് യോഗം വിളിച്ചത്.

സ്റ്റോപ്പ് മെമ്മോ നല്‍കി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം നിലവിലില്ലയെന്നാണ് ജിയോളജിസ്റ്റ് യോഗത്തില്‍ അറിയിച്ചത്. ആനപ്പാറയില്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ ലൈസന്‍സുകളും ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബൗണ്ടറി പില്ലര്‍, ഫെന്‍സിങ് എന്നിവ സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ക്വാറി ഉടമകള്‍ അത് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയതിന് ഉടമകളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും ജിയോളജിസ്റ്റ് അറിയിച്ചു.

യോഗത്തില്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല, കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണി, ജില്ലാ ജിയോളജിസ്റ്റ് രശ്മി.പി.സി, കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ സവിത നിരത്തിന്റെ മീത്തല്‍, വില്ലേജ് ഓഫീസര്‍ കെ.അനില്‍കുമാര്‍, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ പ്രജീഷ്, സുബീഷ് ഇല്ലത്ത്, ലക്ഷ്മി ദിനേഷ്, ജിഷാര കെ.എം, ക്വാറി പ്രതിനിധികളായ മുഹമ്മദ് ഇസ്മയില്‍, അബ്ദുള്‍ ലത്തീഫ് കെ.കെ, എ.കെ ഡേവിസണ്‍, അഫ്‌സല്‍ എ.ഇ എന്നിവര്‍ പങ്കെടുത്തു.