’11 മാസത്തെ കുടിശ്ശിക നൽകുക, വേതന പാക്കേജ് പരിഹരിക്കുക’; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നാളെ കടകളടച്ച് പ്രതിഷേധിക്കും


കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബര്‍ 11ന് സംസ്ഥാനവ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഓണ കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ലൈസന്‍സിയുടെ വേതനത്തില്‍ കാലോചിതമായ വര്‍ധനവ് വരുത്തുകയും സെയില്‍സ്മാനെ വേതന പാക്കേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംസ്ഥാന ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോഴിക്കോട് അറിയിച്ചു.