സംസ്ഥാനത്തെ റേഷന്‍ വിതരണം പരിഷ്‌കരിച്ചു; ഇനി മുതല്‍ രണ്ടുഘട്ടങ്ങളിലായി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍വിതരണരീതിയില്‍ മാറ്റം. രണ്ടുഘട്ടമായിട്ടായിരിക്കും ഇനി വിവിധ വിഭാഗങ്ങള്‍ക്കു റേഷന്‍ നല്‍കുക. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15നു മുന്‍പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുകയും മാസാവസാനമുള്ള തിരക്കു കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് പുതിയ നടപടി.
റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇ-പോസ് സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് റേഷന്‍വിതരണം പലതവണ മുടങ്ങുകയും ഒട്ടേറെപ്പേര്‍ക്കു റേഷന്‍കിട്ടാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഏഴുജില്ലകള്‍ക്കു രാവിലെയും ഏഴുജില്ലകള്‍ക്ക് ഉച്ചകഴിഞ്ഞും എന്നരീതിയില്‍ നേരത്തേ വിതരണം ക്രമീകരിച്ചിരുന്നു. ഇതു പരാജയമായതോടെ പിന്നീടു പിന്‍വലിക്കുകയായിരുന്നു.
നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനംവരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നു. എന്നാല്‍, പുതിയ രീതി നടപ്പാകുന്നതോടെ റേഷന്‍ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷന്‍വ്യാപാരികള്‍ പറയുന്നത്.