റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ ഇന്ന് മുതല്‍; പ്രത്യേക ബൂത്തുകള്‍ ഒരുക്കുന്നു


കോഴിക്കോട്: ജില്ലയില്‍ എന്‍എഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) മുതല്‍ എട്ട് വരെ റേഷന്‍കട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ നടത്തും.എല്ലാ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡ് ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ടെത്തി ഇ പോസ് മെഷീന്‍ മുഖാന്തിരം ആധാര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കാര്‍ഡുകളില്‍ പേരുള്ള അംഗങ്ങള്‍ തങ്ങളുടെ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍കട വഴിയോ അല്ലെങ്കില്‍ എവിടെയാണോ താമസം അവിടെ അടുത്തുള്ള റേഷന്‍കടകള്‍ വഴിയോ ആധാര്‍ ഉപയോഗിച്ച് ഇ കെവൈസി അപ്‌ഡേഷന്‍ നടത്താം.കിടപ്പുരോഗികള്‍ക്കായി റേഷന്‍കടക്കാര്‍ ഇ പോസ് മെഷീനുമായി വീടുകളിലെത്തും. അപ്‌ഡേഷന്‍ നടത്താന്‍ റേഷന്‍കടകളില്‍ എത്തുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കരുതണം. കൈരേഖ പതിയാത്തവര്‍, കുട്ടികള്‍ എന്നിവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.


മൂന്നുമുതല്‍ എട്ടുവരെ ഞായറാഴ്ച ഉള്‍പ്പടെ എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ വൈകിട്ട് ഏഴുവരെ റേഷന്‍ കടകള്‍ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് സബ്സിഡി അനുവദിക്കുന്നത്. അതിനാല്‍ മുഴുവന്‍ അംഗങ്ങളും മസ്റ്ററിങ് നടത്തണം.