മാർജ്ജാര വംശത്തിൽ പെട്ട വന്യജീവി, ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടം, വേറെയും നിരവധി പ്രത്യേകതകൾ; കൊയിലാണ്ടി മേലൂരിൽ കാട്ടുപൂച്ചയെ കണ്ടെത്തി, ചിത്രങ്ങൾ കാണാം


ചിത്രങ്ങൾ: ഷിറോജ് പുല്ലാളി

കൊയിലാണ്ടി: അപൂർവ്വ വന്യജീവിയായ കാട്ടുപൂച്ചയെ (Jungle Cat) കൊയിലാണ്ടി മേലൂരിൽ കണ്ടെത്തി. പകൽ വെളിച്ചത്തിലാണ് കാട്ടുപൂച്ചയെ കണ്ടെത്തിയത്. മാർജ്ജാര വംശത്തിൽ പെട്ട ഒരു വന്യജീവിയാണ് കാട്ടുപൂച്ച അഥവാ കാട്ടുമാക്കാൻ. Felis Chaus എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തിൽ പ്രാദേശികമായി കോക്കാൻ, കോക്കാൻപൂച്ച, പോക്കാൻ എന്നൊക്കെ ഇവ അറിയപ്പെടുന്നു.

ഇടതൂർന്ന സസ്യജാലങ്ങളുള്ള ചതുപ്പുകൾ, കടൽത്തീരമേഖല, നദീതീരങ്ങൾ പോലുള്ള പ്രധാന തണ്ണീർതടങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രധാന വാസസ്ഥലങ്ങൾ. ഐ‌.യു‌.സി‌.എൻ റെഡ് ലിസ്റ്റിൽ ഇതിനെ വംശനാശ ഭീഷണി ഉള്ള ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, പലയിടത്തും പകൽ വെളിച്ചത്തിൽ ഇവയെ കാണാൻ കഴിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇവയുടെ നാശം പ്രധാനമായും തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ, കെണി വെക്കൽ, വിഷം എന്നിവ മൂലമാണ് സംഭവിക്കുന്നത്. ഇണചേരൽ കാലഘട്ടത്തിലും കുഞ്ഞുങ്ങളുമായി കഴിയുന്നതുമൊഴികെയുള്ള മിക്ക സമയങ്ങളിലും ഇവ ഏകാന്ത സ്വഭാവക്കാരാണ്.

ചെറിയ സസ്തനികളും പക്ഷികളുമാണ് പ്രധാന ഇര എങ്കിലും മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ മനുഷ്യാവസമുള്ളിടത്തു വന്ന് തങ്ങളേക്കാൾ വലിപ്പമുള്ളവയെയും ഭക്ഷണമാക്കാറുണ്ട്. ഭൂമിശാസ്ത്രപരമായി ചെറിയ മാറ്റം ഉണ്ടെങ്കിലും ഡിസംബർ മുതൽ ജൂൺ വരെയാണ് സാധാരണയായി ഇവരുടെ പ്രജനന കാലം.

ആറുമാസത്തോടെ തന്നെ കുഞ്ഞുങ്ങൾ സ്വയം ഇര പിടിക്കാൻ പ്രാപ്തരാവുന്നു. എട്ട് ഒമ്പത് മാസത്തിന് ശേഷം കുഞ്ഞുങ്ങൾ അമ്മയിൽ നിന്നും വേർപിരിഞ്ഞ് തനിയെ ജീവിക്കാൻ തുടങ്ങുന്നു.

സാധാരണയായി ഇവയുടെ രോമങ്ങൾ മണൽ നിറത്തിലും ചുവപ്പ് കലർന്ന തവിട്ട് അഥവാ ചാരനിറത്തിലും കാണപ്പെടുന്നു. ചിലപ്പോൾ പ്രത്യേകമായി മെലാനിസ്റ്റിക്, ആൽബിനോ നിറങ്ങളിലും കാണാറുണ്ട്.

നീളമുള്ള കാലുകളുള്ള ഇടത്തരം വലിപ്പമുള്ള പൂച്ചകളാണ് കാട്ടുപൂച്ച. നിലവിലുള്ള ഫെലിസ് ഇനങ്ങളിൽ ഏറ്റവും വലിയ പൂച്ചകളാണിവ. പടിഞ്ഞാറ് ഇസ്രായേൽ മുതൽ കിഴക്ക് ഇന്ത്യവരെ എത്തുമ്പോൾ ഇവയുടെ ശരീര വലുപ്പം താരതമ്യേന കുറഞ്ഞു വരുന്നു. ആൺ-പെൺ രൂപവ്യത്യാസത്തിൽ പെൺപൂച്ചകൾ ആൺപൂച്ചകളേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ്.

വളർത്തു പൂച്ചയുടേതിനേക്കാൾ ചെറുതായ വാലിൽ രണ്ടു കറുത്തവരകളുണ്ട്. മുൻകാലുകളുടെ ഉൾവശത്തും വളയങ്ങൾ കാണപ്പെടുന്നു. വാലിന്റെ അറ്റം കറുപ്പ് നിറമാണ്. നെറ്റിയിലും കാലിലും മങ്ങിയ ചുവപ്പുനിറം കാണപ്പെടുന്നു. ഇവയുടെ വായും മൂക്കും ചേരുന്ന ഭാഗം വെളുത്ത നിറത്തിൽ കാണപ്പെടുന്നു.

പൂച്ചക്കുഞ്ഞുങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്ന വരയും പുള്ളികളും പ്രായമെത്തുമ്പോഴും ചിലപ്പോൾ ചില അടയാളങ്ങൾ നിലനിൽക്കും എന്നതൊഴിച്ചാൽ രോമക്കുപ്പായത്തിൽ മറ്റ് അടയാളങ്ങളൊന്നും കാണപ്പെടുന്നില്ല. എന്നാൽ തെക്കേ ഇന്ത്യയിലും മറ്റും കാണപ്പെടുന്ന ആൺ പൂച്ചകളുടെ ശരീരം പുള്ളികളോ അടയാളങ്ങളോ നിറഞ്ഞവയായും കാണപ്പെടുന്നുണ്ട്. വയർ സാധാരണയായി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചെറുതാണ്.

ഇരയെ പിന്തുടർന്ന് വേട്ടയാടുന്നതാണ് പൊതുവേയുള്ള രീതി. ഇരയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാൻ ചെവികൾ വളരെ യേറെ സഹായിക്കുന്നു. വലിപ്പം കൂടിയതും കൂർത്തതുമായ ചെവികൾക്ക് 4.5–8 സെന്റിമീറ്റർ വരെ നീളവും പിന്നിൽ ചുവപ്പ് കലർന്ന തവിട്ടുനിറവും ചേർന്നു കാണുന്നു. ഏകദേശം 15 മില്ലീമീറ്റർ നീളമുള്ള കറുത്ത രോമങ്ങളുടെ ഒരു ചെറിയ കൂട്ടം രണ്ട് ചെവികളുടെയും അഗ്രത്തിൽ നിന്ന് ഉയർന്നു കാണുന്നു.

ഉൾഭാഗം മഞ്ഞ നിറത്തിലുള്ള കണ്ണുകളിൽ കൃഷ്ണമണിയ്ക്ക് ദീർഘവൃത്താകൃതിയാണ്. കണ്ണുകളുടെ കോണിൽ നിന്നും ഇരുണ്ട വരകൾ മൂക്കിന്റെ വശങ്ങളിലേക്ക് നീളുന്നു. മൂക്കിന്റെ ഭാഗത്ത് ഇരുണ്ട നിറമുള്ള ഇവയുടെ തല താരതമ്യേന വൃത്താകൃതിയിലാണ്.

English Summary / Content Highlights: Rare animal kaattu poocha or jungle cat or felis chaus found at Meloor, Koyilandy, Kozhikode. Watch photos of the rare wild animal taken by Shiroj Pullali.