കോഴിക്കോട് ടര്‍ഫില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ച സംഭവം: കത്തിനശിച്ചത് ഒന്നര മാസം മുമ്പ് വാങ്ങിയ റെയ്ഞ്ച് റോവര്‍ കാർ; ഒരു കോടി രൂപയുടെ നഷ്ടം (വീഡിയോ കാണാം)
കോഴിക്കോട്: ഈസ്റ്റ് നടക്കാവിലെ ടര്‍ഫിന് സമീപം കത്തി നശിച്ചത് ഒന്നര മാസം മുമ്പ് മാത്രം വാങ്ങിയ ആഡംബര കാര്‍. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിന്റെ റെയ്ഞ്ച് റോവര്‍ കാറാണ് കത്തി നശിച്ചത്. ഒരു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ടര്‍ഫില്‍ ഫുട്‌ബോള്‍ രാവിലെ 7:15 ഓടെ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടു. തീ പിടിച്ചത് കണ്ട ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. പിന്നാലെ ഫയര്‍ ഫോഴ്‌സും തീ അണയ്ക്കാനായി എത്തിയെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും കാര്‍ പൂര്‍ണ്ണമായി കത്തിനശിക്കുകയുമായിരുന്നു.
സമീപത്തെ കാറുകള്‍ ഉടന്‍ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. സാധാരണഗതിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാവാത്ത കാറാണ് റെയ്ഞ്ച് റോവര്‍. അതിനാല്‍ തന്നെ കമ്പനി ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. റെയ്ഞ്ച് റോവർ കാർ കത്തിനശിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ താഴെ കാണാം.
കാറിന് തീപിടിക്കാതിരിക്കാന്‍
കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം. എളുപ്പം തീപിടിക്കാവുന്ന വസ്‍തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വരും. ഇത് അവഗണിക്കരുത്. വാഹനം നിര്‍ത്തി എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക.
ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതു മാറ്റി വാഹം ഓടിക്കുവാൻ ഒരിക്കലും സ്വയം ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കുക. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം. അനാവശ്യ മോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
കാറിന് തീ പിടിച്ചാല്‍ എന്തു ചെയ്യണം?
- വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം.
- ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങളുടെ സീറ്റുകളിലെ ഹെഡ്റെസ്റ്റ് ഉപയോഗിച്ച് കാറിന്‍റെ ജനാല തകര്‍ക്കുക. ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കുർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം.
- തീ കെടുത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ജീവഹാനി വരെ സംഭവിച്ചേക്കാം
- തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക.
- ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം പ്രവഹിച്ചേക്കാവുന്ന വിഷമയമായ വായു നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കാം.
- ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.