ഒരു വര്‍ഷത്തെ കഷ്ടപ്പാട്; ഇന്ന് നീറ്റടക്കം മൂന്ന് പരീക്ഷകളില്‍ മിന്നും വിജയം; കൊയിലാണ്ടിയ്ക്ക് അഭിമാനമായി പാലക്കുളം സ്വദേശി റനീം റോഷന്‍


കൊയിലാണ്ടി: ആദ്യ ശ്രമത്തില്‍ നീറ്റ്, കുസാറ്റ്, എന്‍ഡ്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി റനീം റോഷന്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ്, കുസാറ്റ്, ജെ.ഇ.ഇ പരീക്ഷകളിലാണ് റനീം റോഷന്‍ ഉന്നത മാര്‍ക്ക് നേടിയത്.

കൊയിലാണ്ടി പാലക്കുളം മാണിക്കോത്ത് സ്വദേശിയാണ് റനീം. നീറ്റ് പരീക്ഷയില്‍ 720 മാര്‍ക്കില്‍ 695 മാര്‍ക്കാണ് റനീം നേടിയത്. കുസാറ്റ് പരീക്ഷയില്‍ 264 ആം റാങ്കും ജെ.ഇ.ഇ പരീക്ഷയില്‍ 99.3% മാര്‍ക്കുമാണ് 18 വയസ്സുകാരനായ ഈ മിടുക്കന്‍ കരസ്ഥമാക്കിയത്.

കൊയിലാണ്ടി ജി.വി എച്ച്.എസ്.എസ്സില്‍ നിന്നും പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ റനീം പ്ലസ്ടു പൂര്‍ത്തിയാക്കിയത് തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ്. പ്ലസ്ടു സയന്‍സ് വിഭാഗം എടുത്ത റനീം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് തന്നെ കരസ്ഥമാക്കിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ മത്സരപരീക്ഷകള്‍ക്കായി ഒരുങ്ങിയത്. ഇടുക്കിയിലെ പാലയില്‍ ബ്രില്ല്യന്റ് ഇന്‍സ്റ്റിട്ട്യൂട്ടിലായിരുന്നു മത്സരപരീക്ഷകള്‍ക്കായി പരിശീലനം നേടിയത്. ആദ്യ ശ്രമത്തില്‍ തന്നെ മൂന്ന് പരീക്ഷകളിലും ഉന്നതവിജയം നേടിയതിന്റെ സന്തോഷത്തിലാണ് റനീമിന്റെ മാതാപിതാക്കളും.

പാലക്കുളം മാണിക്കോത്ത് അധ്യാപക ദമ്പതികളായ അഷ്‌റഫിന്റെയും നിഷിതയുടെയും മകനാണ് റനീം റോഷന്‍. പിതാവ്  മടപ്പള്ളി ഗവണ്‍മെന്റ് വി.എച്ച്.എസ് സിയിലെ അധ്യാപകനാണ്. മാതാവ് നിഷിത കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിലെ സാമ്പത്തിക വിഭാഗം അധ്യാപികയും. ആദ്യ ശ്രമത്തില്‍ തന്നെ മകന് വലിയ നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് റനീമിന്റെ മാതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. റനീമിന് എട്ടാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് സഹോദരങ്ങളാണ് ഉള്ളത്.