വിളക്കിചേര്‍ക്കലോ, മെഷീന്‍വര്‍ക്കോ ഇല്ല; ഇരുമ്പില്‍ കൊത്തിയുണ്ടാക്കിയ ശില്പങ്ങള്‍കൊണ്ട് സര്‍ഗാലയയിലെത്തുന്നവരെ അതിശയിപ്പിക്കുകയാണ് ഛത്തീസ്ഗഡില്‍ നിന്നുള്ള രമേശ് വിശ്വകര്‍മ
ഇരിങ്ങല്‍: കറുത്ത നിറത്തില്‍ ഒന്ന് തൊട്ടാല്‍ വീഴുമെന്ന് തോന്നുന്ന ശില്പങ്ങള്‍, അതില്‍ മാനിന്റെ രൂപമുണ്ട്, ചുവരുകളില്‍ തൂക്കാനാവുന്ന അലങ്കാര വസ്തുക്കളുണ്ട്, ഒന്നെടുത്ത് പരിശോധിച്ചാലേ അറിയൂ അതിനുള്ളിലെ കൗതുകം.
ഇരുമ്പില്‍ തീര്‍ത്ത വ്യത്യസ്തങ്ങളായ ഉല്പന്നങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുകയാണ് സര്‍ഗാലയ കരകൗശലമേളയില്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ നിന്നെത്തിയ രമേശ് വിശ്വകര്‍മ. ബസ്തറിലെ ആദിവാസി വിഭാഗങ്ങള്‍ ഇരുമ്പില്‍ തയ്യാറാക്കിയ കരകൗശല ഉല്പന്നമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
മാനിന്റെയും മറ്റും രൂപത്തിലുള്ള സ്റ്റാന്റുകള്‍, ഒരേസമയം കൗതുകവസ്തുവായും മെഴുകിതിരി സ്റ്റാന്റായുമെല്ലാം ഉപയോഗിക്കാവുന്നവ. വിളക്കിച്ചേര്‍ക്കലൊന്നുമില്ലാതെ ഒറ്റ ഇരുമ്പ കഷണത്തില്‍ നിന്നും പലഭാഗങ്ങള്‍ മുറിച്ചുമാറ്റി ഈ രൂപത്തിലാക്കിയതാണെന്ന് രമേശ് വിശ്വകര്‍മ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കനംകുറഞ്ഞ വസ്തുവാണെന്ന് നോക്കുമ്പോള്‍ തോന്നുമെങ്കിലും പിടിച്ചുനോക്കിയാലറിയാം ഇവയുടെ ഭാരം.
ഇരുമ്പ് നന്നായി ചൂടാക്കിയാണ് ഈ ഉല്പന്നങ്ങള്‍ കൊത്തിയെടുക്കുന്നത്. വനമേഖലയില്‍ നിന്ന് ശേഖരിക്കുന്ന മഹ്വ ചെടിയില്‍ നിന്നാണ് ഇതിന് ആവശ്യമായ ഓയിലുകള്‍ എടുക്കുന്നത്. ഇരുമ്പില്‍ തീര്‍ത്ത ത്രാസ് പോലുള്ള കരകൗശല വസ്തു കൈകളില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്ന കാഴ്ചയും ഏവരേയും അതിശയിപ്പിക്കും. സൂര്യമാസ്, ട്രബല്‍ മസ്, ലാന്തര്‍ വിളക്ക് തുടങ്ങിയ ഉല്പന്നങ്ങളാണ് ഇവിടെ കൂടുതലായി കാണാനാവുക.