ഇഅ്തികാഫ്; ഇലാഹീ പ്രീതി തേടിയുള്ള ആരാധന | റമദാൻ സന്ദേശം 21 – എം.പി.തഖിയുദ്ധീൻ ഹൈതമി
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള അവന്റെ ഭവനമാണ് പള്ളികൾ.മറ്റു സ്ഥലങ്ങള്‍ക്കില്ലാത്ത പവിത്രത പള്ളികള്‍ക്കുണ്ട്.അതിന്റെ ഉദാത്തമായ നിദര്‍ശനമാണ് ഇഅ്തികാഫ്.നിയ്യത്തോടെ അല്പസമയമെങ്കിലും പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനാണ് സാങ്കേതികമായി ഇഅ്തികാഫ് എന്നു പറയുന്നത്.’ഈ മസ്ജിദിൽ ഇഅ്തികാഫിനെ ഞാൻ കരുതി’ എന്ന് മനസ്സിൽ കരുതൽ കൊണ്ട് നിയ്യത്ത് സാധുവാകും.
ഇഅ്തികാഫ് നേർച്ചയാക്കിയാൽ നിർബന്ധമായിത്തീരും. നോമ്പ് നോൽക്കുക എന്നത് ഇഅ്തികാഫിന്റെ നിബന്ധനയാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്.ഇതിൽ നിന്നും നോമ്പുകാരന് ഇഅ്തികാഫിനുള്ള പ്രാധാന്യം മനസ്സിലാകും.
റമളാൻ മാസത്തിലെ അവസാന പത്തിൽ ഇഅ്തികാഫിന് ഏറെ പ്രാധാന്യമുണ്ട്. കാരണം ഈ ദിവസങ്ങളിൽ ലൈലത്തുൽ ഖദ്റിന്റെ മഹത്വം നേടിയെടുക്കാൻ അവസരം ലഭിക്കുന്നതാണെന്നു പ്രവാചകധ്യാപനത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
നബി (സ) പറഞ്ഞു: ഇഅ്തികാഫിരിക്കുന്ന വ്യക്തി പള്ളിയിലല്ലായിരുന്നുവെങ്കിൽ അദ്ദേഹം ഏതൊക്കെ നന്മകൾ ചെയ്യുമായിരുന്നോ അതിന്റെയെല്ലാം പ്രതിഫലം ഇഅ്തികാഫിരിക്കുന്ന സന്ദർഭത്തിൽ അല്ലാഹു നൽകുന്നതാണ്.
ഇഅ്തികാഫ് ലക്ഷ്യമാക്കി പള്ളിയിൽ കഴിയുന്നവർ അനാവശ്യ സംസാരം ഉപേക്ഷിക്കണം.ഇഅ്തികാഫിൽ പരദൂഷണം, ചീത്ത സംസാരം തുടങ്ങിവ ഉപേക്ഷിച്ചില്ലെങ്കിൽ ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുന്നതല്ല.നിയ്യത്തുണ്ടെങ്കിൽ കിടന്നുറങ്ങുന്നവനും ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുന്നതാണ്.
ദിക്ർ, ഖുർആൻ പാരായണം, സ്വലാത്ത് തുടങ്ങിയ പുണ്യകർമ്മങ്ങൾക്കായി ഇഅ്തികാഫിന്റെ വേളയെ വിശ്വാസികൾ വിനിയോഗിക്കണം.