അത്യാഗ്രഹം മനുഷ്യന് ആപത്താണ്| റമദാൻ സന്ദേശം 14 – എം.പി.തഖിയുദ്ധീൻ ഹൈതമി


രാൾ ഒരു വാനമ്പാടിയെ വേട്ടയാടി.വാനമ്പാടി ചോദിച്ചു:എന്നെ എന്തു ചെയ്യാനാണ് നീ ഉദ്ദേശിക്കുന്നത് ? നിന്നെ അറുക്കാനും കറി വെച്ചു കഴിക്കാനും വേട്ടക്കാരൻ പറഞ്ഞു. വീണ്ടും പക്ഷി ചോദിച്ചു: എന്നെ തിന്നിട്ട് നിന്റെ വിശപ്പ് അടങ്ങുമോ? ഞാൻ നിനക്ക് മൂന്ന് കാര്യങ്ങൾ പഠിപ്പിച്ചു തരാം.അതായിരിക്കും നിനക്ക് ഏറ്റവും നല്ലത്. ഒന്നാമത്തെ കാര്യം ഞാൻ നിന്റെ കയ്യിലുള്ള സമയത്തും, രണ്ടാമത്തേത് നീ എന്നെ സ്വതന്ത്രമായി വിട്ട് ഞാൻ മരക്കൊമ്പിൽ ഇരിക്കുമ്പോഴും, മൂന്നാമത്തേത് ഞാൻ മരക്കൊമ്പ് വിട്ടു തൊട്ടടുത്ത മലമുകളിൽ എത്തിയ ശേഷവും പറയാം.വേട്ടക്കാരൻ പറഞ്ഞു: [mid]

ഒന്നാമത്തേത് പറയൂ,പക്ഷി പറയാൻ തുടങ്ങി.നഷ്ടപ്പെട്ട കാര്യമോർത്ത് ഒരിക്കലും വിലപിക്കരുത്. വേട്ടക്കാരൻ പക്ഷിയെ വിട്ടയച്ചു. മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷിയോട് വേട്ടക്കാരൻ ചോദിച്ചു. രണ്ടാമത്തെ കാര്യമെന്താണ് ? പക്ഷി പറഞ്ഞു: ഉണ്ടാവാൻ സാധ്യതയില്ലാത്ത കാര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്.ശേഷം പക്ഷി പറന്നകന്നു ദൂരെയുള്ള മലമുകളിൽ ചെന്നിരുന്നു.എന്നിട്ട് പക്ഷി വേട്ടക്കാരനോട് പറഞ്ഞു: ഏ വീഡ്ഢി, നീ എന്നെ അറുത്തിരുന്നെങ്കിൽ എന്റെ വയറിൽ നിന്ന് ഇരുപത് മിസ്കാൽ തൂക്കമുള്ള രണ്ടു മുത്തുകൾ നിനക്ക് ലഭിക്കുമായിരുന്നേനെ.

അയാൾ ദുഃഖത്താൽ വിരൽ കടിച്ചു,സങ്കടത്താൽ കരയാൻ തുടങ്ങി. എന്നിട്ട് പറഞ്ഞു: ആവട്ടെ, മൂന്നാമത്തെ കാര്യം പഠിപ്പിച്ചു തരൂ.പരിഹാസപൂർവ്വം പക്ഷി അയാളോട് പറഞ്ഞു: ഞാൻ പറഞ്ഞ ഒന്നാമത്തെയും രണ്ടാമത്തെയും കാര്യം നീ ശ്രദ്ധിച്ചില്ല.പിന്നെ എങ്ങനെയാണ് ഞാൻ നിനക്ക് മൂന്നാമത്തെ കാര്യം പറഞ്ഞു തരിക.എന്റെ ശരീരത്തിലെ രക്തവും മാംസവും ചിറകുകളുമെല്ലാം കൂട്ടിയാൽ തന്നെ ഇരുപത് മിസ്കാലുണ്ടാവില്ല. പിന്നെ എങ്ങനെയാണ് എന്റെ ശരീരത്തിൽ ഇരുപത് മിസ്കാൽ തൂക്കമുള്ള രണ്ടു മുത്തുകൾ ഉണ്ടാവുക.. അത്യാഗ്രഹിയായ ആ മനുഷ്യന് തന്റെ അബദ്ധത്തേയോർത്ത് വിലപിച്ചിരുന്നു.

അത്യാഗ്രഹം മനുഷ്യനെ നാശത്തിലേക്ക് മാത്രമേ നയിക്കൂ എന്നാണ് ഈ ഗുണപാഠത്തിൽ നിന്നും വ്യക്തമാവുന്നത്.മണ്ണോട് ചേരും വരെ മനുഷ്യന്റെ അത്യാഗ്രഹങ്ങൾ അവസാനിക്കുകയില്ല എന്ന പ്രവാചക വചനം ഇവിടെ ശ്രദ്ധേയമാണ്.അതുകൊണ്ട് തന്നെ സത്യവിശ്വാസികൾ ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട് സൃഷ്ടാവിന് നന്ദി ചെയ്തു കൊണ്ട് ജീവിക്കണം.

മരണചിന്ത: ആരാധനകൾ ശക്തിപ്പെടുത്താനുള്ള മാർഗ്ഗം | റമദാൻ സന്ദേശം 13 – എം.പി.തഖിയുദ്ധീൻ ഹൈതമി