രാജീവന്റെ മരണം: ഊരള്ളൂരിലെ വയലിൽ കണ്ടെത്തിയ മൃതദേഹം ആദ്യം കണ്ടത് ആരാണെന്ന അന്വേഷണത്തിൽ പോലീസ്
കൊയിലാണ്ടി: ഊരള്ളൂര്‍ പുതിയേടത്ത് താഴ വയലില്‍ രാജീവനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ആദ്യം കണ്ടത് ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷമാരംഭിച്ചു. കടുത്ത ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാവിലെ വയലില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള കാല് ആദ്യം കണ്ടെത്തിയത്. പോലീസെത്തി ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ മറ്റുഭാഗങ്ങള്‍ കണ്ടെത്തിയത്.
ലഹരി സംഘത്തിന്റെ താവളമായ പ്രദേശത്തേക്ക് മൃതദേഹം കണ്ടെത്തുന്നതിന്റെ മൂന്ന് ദിവസം മുന്നേ മുതൽ ആരും വന്നിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. പ്രദേശത്തേക്ക് ആരും എത്തിയിട്ടില്ലേയെന്നും ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ മൃതദേഹം കാണാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും വിഹാര കേന്ദ്രമാണ് ആള്‍ത്താമസമില്ലാത്ത വീടിനടുള്ള വിശാലമായ ഈ വയല്‍ പ്രദേശം. ഇവിടെയാണ് മൃതദേഹം ജീർണ്ണിച്ച് വേർപ്പെട്ട നിലയിൽ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം മൃഗങ്ങൾ കടിച്ചതിനെ തുടർന്ന് വേർപ്പെട്ടതാകാമെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മൂന്നോ നാലോ ദിവസം കൊണ്ടേ ശരീരം വേർപെടുന്ന രീതിയിൽ ജീർണിക്കുകയുള്ളൂ. രാജീവന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.
Related News- അന്ന് ആയിഷ ഉമ്മ, ഇന്ന് രാജീവൻ, ഊരള്ളൂരിലെ വയലിൽ മരണങ്ങൾ തുടർക്കഥ; നടുക്കം മാറാതെ നാട്
കോഴിക്കോട് എസ്‌പിയുടെ ചുമതലയുള്ള കണ്ണൂര്‍ എസ്‌പി അജിത്കുമാര്‍, വടകര ഡിവൈഎസ്‌പി ആര്‍ ഹരിപ്രസാദ്, കൊയിലാണ്ടി സിഐ എം വി ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം മരിച്ച രാജീവന്റെ സുഹൃത്തുക്കളുടേത് ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
Summary: Rajeev’s death: Police are investigating who first saw the body found in a field in Urallur