ആനക്കുളത്ത് നിന്നും മണ്ണില്‍പുതഞ്ഞ് കിടക്കുന്ന നിലയില്‍ സ്വര്‍ണ്ണ കൈചെയിന്‍ കിട്ടി; ഉടമയെ തിരഞ്ഞ് ഭദ്രമായി തിരികെ ഏല്‍പ്പിച്ച് ആനക്കുളം സ്വദേശി രാജന്‍


കൊയിലാണ്ടി: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ കൈചെയിന്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി മാതൃകകാട്ടി ആനക്കുളം വടയനക്കുളങ്ങര സ്വദേശി രാജന്‍. ഇന്ന് വൈകുന്നേരമാണ് പിഷാരികാവ് ക്ഷേത്രകവാടത്തിന് സമീപം ലോട്ടറി വില്‍ക്കുന്നിടത്ത് നിന്നും രാജന് സ്വര്‍ണ്ണ കൈചെയിന്‍ ലഭിക്കുന്നത്.

മണ്ണില്‍ പൂഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. എടുത്തുനോക്കിയപ്പോള്‍ സ്വര്‍ണ്ണമാണെന്ന് മനസ്സിലായതോടെ ആനക്കുളത്തെ സമീപത്തെ ബേക്കറിയില്‍ ഏല്‍പ്പിച്ചുവെന്ന് രാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സമീപത്ത് അന്വേഷിച്ചപ്പോള്‍ കൈചെയിന്‍ കളഞ്ഞുപോയത് കുറേ പേര്‍ തിരഞ്ഞുനോക്കിയിരുന്നതായി അറിയാന്‍ കഴിഞ്ഞു.

ഇതോടെ ഉടമസ്ഥരെ അന്വേഷിച്ച് വിവരമറിയിക്കുകയായിരുന്നു, നെല്ലൂടി താഴെ സ്വദേശിനിയുടെ സ്വര്‍ണ്ണ കൈചെയിനായിരുന്നു കളഞ്ഞുപോയത്. വൈകുന്നേരത്തോടെ ഇവര്‍ ആനക്കുളത്തെത്തി രാജന്റെ കയ്യില്‍ നിന്നും കൈചെയിന്‍ ഏറ്റുവാങ്ങി. നഷ്ടമായെന്ന് കരുതിയ സ്വര്‍ണ്ണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലും നന്ദിയും പ്രകടപ്പിച്ചാണ് ഉടമ മടങ്ങിയത്.