ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴ തുടരുമെങ്കിലും തീവ്ര മഴ മുന്നറിയിപ്പില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും അലേർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഡിസംബർ 12 ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.


തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും മഴ തുടരുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതകൾ കുറവാണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.