അടുത്ത ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ വ്യാപിക്കും; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 4 മുതല്‍ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് 04-09-2023 (ഇന്ന്) രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.[mid5]