പിടിച്ചെടുത്തത് പഴകിയ ഭക്ഷ്യോൽപ്പന്നങ്ങൾ, ഒരു സ്ഥാപനം അടപ്പിച്ചു; പിഷാരികാവ് ക്ഷേത്രപരിസരത്തെ ഭക്ഷണ സ്റ്റാളുകളിൽ പരിശോധന 


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് ആരംഭിച്ച താൽക്കാലിക ഭക്ഷണ സ്റ്റാളുകളിൽ അധികൃതരുടെ സംയുക്ത പരിശോധന. പരിശോധനയിൽ പഴകിയതും നിരോധിച്ചതുമായ ഭക്ഷ്യോൽപ്പന്നങ്ങൾ പിടികൂടി നശിപ്പിച്ചു.

വിൽപ്പനയ്ക്കായി സൂക്ഷിച്ച പഴകിയ ഭക്ഷ്യവസ്തുക്കളും തിയ്യതി കഴിഞ്ഞ എഴുപതോളം പാൽ പാക്കറ്റുകളുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പാൽ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഫാമിലി ഗെയിം എന്ന സ്ഥാപനം അധികൃതർ അടച്ചു പൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് താൽക്കാലിക സ്റ്റാളുകളും പരിശോധനയുടെ ഭാഗമായി അടപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു പരിശോധന. വരും നാളുകളിലും ക്ഷേത്ര പരിസരത്ത് കർശന പരിശോധന നടത്തുമെന്നും ആരോഗ്യത്തിന് ഹാനികരമായതും നിരോധിച്ചതുമായ ഭക്ഷണ വസ്തുക്കളുടെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ കൊയിലാണ്ടി ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ രഞ്ജിത്ത് ഡി അറിയിച്ചു.

പരിശോധനയില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർമാരായ റിഷാദ് കെ, ലിജോയ് എൽ, തിരുവങ്ങൂർ സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവൻ വി, മേഴ്സി ബിജോളി, സജിത്ത് കുമാര്‍ കെ, കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ശൈലേഷ് പി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മണികണ്ഠൻ ടി.എം, കരീം കെ, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍ ഇ, താലൂക്ക് ഓഫീസ് ജീവനക്കാരായ സിന്ധു കെ, പ്രകാശന്‍ വി.ടി, നിജില്‍ രാജ്, വിയ്യൂര്‍ വില്ലേജ് ഓഫീസര്‍ രമേശന്‍ കെ.പി എന്നിവര്‍ പങ്കെടുത്തു.