കൊയിലാണ്ടിയില്‍ എക്‌സൈസിന്റെയും പോലീസിന്റെയും മിന്നല്‍ പരിശോധന; ലഹരി ഉപയോഗം, വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌ക്വാഡ്, പരിശോധന തുടരും


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ എക്‌സൈസിന്റെയും പോലീസിന്റെയും മിന്നല്‍ പരിശോധന. നഗരസഭ ജാഗ്രത സമിതി തീരുമാനപ്രകാരം എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബസ്റ്റാന്‍ഡ്, സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പരിസരം, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ പി.പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി സിപി ,ബാബു പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപ് കുമാര്‍, നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ റിഷാദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എല്‍ ലിജോയ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവര്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ലഹരി ഉപയോഗിക്കുന്നവരും വില്‍പ്പന നടത്തുന്നവര്‍ക്കും അതില്‍ പങ്കാളികള്‍ ആവുന്നവര്‍ക്കും എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അംഗങ്ങള്‍ അറിയിച്ചു. പൊതുസ്ഥലങ്ങളിലെ മദ്യപാനം കര്‍ശനമായി തടയുമെന്നും വരും ദിവസങ്ങളിലും നഗരസഭയില്‍ പരിശോധന ശക്തമാക്കുമെന്ന് സംഘം അറിയിച്ചു.

കൂടാതെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തും വിധം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.