വയനാട് ചൂരല്‍മലയിലെ ദുരന്തഭൂമിയിലെത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും; ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കും


മേപ്പാടി: രാഹുല്‍ ഗാന്ധി എം.പിയും പ്രിയങ്കാ ഗാന്ധിയും വയനാട് ചൂരല്‍മലയിലെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ചു. പ്രശ്‌നബാധിത മേഖലയിലെത്തിയ ഇരുവരും രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് സമീപത്തെ താല്‍ക്കാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുമായി രാഹുല്‍ഗാന്ധി സംസാരിച്ചു. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു.

ടി.സിദ്ദിഖ് അടക്കമുള്ള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. സൈന്യം നിര്‍മ്മിച്ച ബെയിലി പാലത്തിലും രാഹുല്‍ ഗാന്ധിയെത്തി. തന്റെ സന്ദര്‍ശനം ഒരുതരത്തിലും രക്ഷാദൗത്യത്തെ ബാധിക്കരുതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പറഞ്ഞിരുന്നു. വലിയ സുരക്ഷാ സൗകര്യങ്ങളൊന്നും ഒരുക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു.

ഇരുവരും ദുരന്തസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ ക്യാമ്പുകളിലേക്ക് നീങ്ങി. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുമായും പരിക്കേറ്റവരുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് ചൂരല്‍മല സന്ദർശിച്ചിരുന്നു.