”കൃഷ്ണ തിയേറ്ററില്‍ ഷീലാമ്മയുടെയും സോമന്റെയും അരികില്‍ നിന്ന് വന്ദേമാതരം പാടിയ പതിനാറുകാരി” ഓര്‍മ്മകള്‍ പങ്കുവെച്ച് നെല്ല്യാടി സ്വദേശിനി രാധ


കൊയിലാണ്ടി: തകര്‍ന്നുവീണ കൊയിലാണ്ടിയിലെ ആല്‍മരവും ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണ തിയേറ്റുമെല്ലാം കൊയിലാണ്ടിക്കാരെ സംബന്ധിച്ച് പലപല ഓര്‍മ്മകളുടെ സ്മാരകങ്ങളാണ്. കൃഷ്ണ തിയേറ്ററിനെക്കുറിച്ച് അത്തരമൊരു ഓര്‍മ്മ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് നെല്ല്യാടി സ്വദേശിനി കരക്കേപ്പുറത്ത് രാധ.

കൃഷ്ണ തിയേറ്റര്‍ ഉദ്ഘാടന വേളയില്‍ വേദിയില്‍ വന്ദേമാതരം ആലപിച്ചയാളാണ് രാധ. 1981ല്‍ നടന്‍ സോമനും ഷീലയും ചേര്‍ന്നാണ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. അവര്‍ക്കരികില്‍ നിന്ന് വന്ദേമാതരം ആലപിച്ച അന്നത്തെ പതിനാറുകാരി രാധയാണ് കൃഷ്ണ തിയേറ്റര്‍ പൊളിക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മനസില്‍ വന്നതെന്ന് രാധ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

”പത്താം ക്ലാസ് കഴിഞ്ഞ് തയ്യല്‍ പഠിക്കാനായി മഹിളാസമാജം നടത്തുന്ന സ്ഥാപനത്തില്‍ പോകുന്ന സമയമായിരുന്നു അത്. ഉദ്ഘാടനത്തിന് വന്ദേമാതരം പാടാന്‍ നന്നായി പാടുന്ന ആരെങ്കിലും ഇവിടെയുണ്ടോയെന്ന് അന്വേഷിച്ച് കൃഷ്ണ തിയേറ്റര്‍ ഉടമ മഹിളാസമാജത്തിന്റെ ഉടമയെ സമീപിക്കുകയായിരുന്നു. അക്കാലത്ത് ഞാന്‍ പാട്ടുപാടാന്‍ പോകാറുള്ളത് അവര്‍ക്ക് അറിയാമായിരുന്നു. അങ്ങനെയാണ് എനിക്ക് അതിനുള്ള അവസരം കിട്ടിയത്.” രാധ പറയുന്നു.

അതിനുശേഷവും നിരവധി തവണ രാധ കൃഷ്ണ തിയേറ്ററില്‍ പോയിട്ടുണ്ട്. പാട്ടുകാരിയായിട്ടല്ല, സിനിമാ ആസ്വാദകയായിട്ട്. ഓരോ കൊയിലാണ്ടിക്കാരനെയും സംബന്ധിച്ച് ഇതുപോലുള്ള ഓര്‍മ്മകള്‍ ആ തിയേറ്ററിനെ ചുറ്റിപ്പറ്റിയുണ്ടാവുമെന്നതില്‍ സംശയമില്ല.